റോഡപകടങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെ റോഡ് സുരക്ഷ എക്കാലത്തെയും പൊള്ളുന്ന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. റോഡപടങ്ങളില്‍ ഭൂരിഭാഗവും അമിതവേഗവും ശ്രദ്ധക്കുറവും വരുത്തിവയ്ക്കുന്നതാണെങ്കില്‍ ചിലയിടത്തെല്ലാം വാഹനങ്ങളിലെ സുരക്ഷാവീഴ്ചയും അപകടത്തിന് കാരണമാവാറുണ്ട്. ഇത് തടയുന്നതിനായി അനേകം പരിഹാരമാര്‍ഗങ്ങളും സുരക്ഷാമാനദണ്ഡങ്ങളും സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പും നടപ്പിലാക്കാറുണ്ടെങ്കിലും ഒന്നുംതന്നെ പൂര്‍ണതയില്‍ എത്താറില്ല. അപകടം തടയാനായി ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്റ്റവും, പകല്‍ സമയത്തും കത്തിനില്‍ക്കുന്ന ഹെഡ്‌ലൈറ്റുകളും ഉള്‍പ്പടെ പരിഷ്‌കാരങ്ങള്‍ അനവധി പരീക്ഷിച്ചുവെങ്കിലും അപകടങ്ങള്‍ ഇല്ലാതാക്കുക എന്ന അന്തിമ ലക്ഷ്യം ഇനിയും അകലെയാണ്. ഈയിടത്തേക്കാണ് ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ പ്രവര്‍ത്തനക്ഷമത തരംതിരിക്കുന്ന 'ഫൈവ് സ്റ്റാര്‍' സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ഇരുചക്ര വാഹനങ്ങളെക്കാള്‍ യാത്രകാര്‍ ഉള്‍ക്കൊണ്ട് സഞ്ചരിക്കുന്നതിനാല്‍ തന്നെ കാറുകള്‍ അപകടത്തില്‍പെട്ടാല്‍ ഉണ്ടായേക്കാവുന്ന തീവ്രതയും വളരെ വലുതാണ്. അതുകൊണ്ടുതന്നെ കാറുകളില്‍ സുരക്ഷനില പരിഗണിച്ച് റേറ്റിങ് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സാധാരണമായി കാറുകള്‍ പുറത്തിറക്കും മുമ്പ് അവയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടി പരീക്ഷയായ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാറുണ്ട്. ഈ ക്രാഷ് ടെസ്റ്റിലെ പ്രകടനം പരിഗണിച്ചാവും സുരക്ഷയില്‍ നിര്‍മാണ കമ്പനി ഉറപ്പുനല്‍കാറുള്ളത്. അതുകൊണ്ടുതന്നെ ഈ ക്രാഷ് ടെസ്റ്റ് പ്രകടനം നേരില്‍ക്കണ്ട് ഉറപ്പാക്കി ഒന്ന് മുതല്‍ അഞ്ച് സ്റ്റാര്‍ വരെ റേറ്റിങ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. മാത്രമല്ല വരുന്ന ഒക്ടോബര്‍ മുതല്‍ നിര്‍മാതാക്കളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കമ്പനികളും തങ്ങളുടെ കാറുകള്‍ക്ക് ഈ റേറ്റിങ് കൈപ്പറ്റിയിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. കാറുകളിലെ റേറ്റിങ് ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം വഴിയാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. പ്രത്യേകം സജീകരിച്ച ലാബില്‍ കുട്ടികളുടെ സുരക്ഷ, മുതിര്‍ന്നവരുടെ സുരക്ഷ, സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന തുടങ്ങി മൂന്നുതരം പരീക്ഷകള്‍ക്ക് ഒടുവിലാകും സ്റ്റാറുകള്‍ നല്‍കുക. സാധാരണ ക്രാഷ് ടെസ്റ്റില്‍ നിന്നു മാറി വാഹനത്തെ പലതരത്തില്‍ ഇടിപ്പിച്ച് സുരക്ഷ പരിശോധിക്കും. ഇതില്‍ തന്നെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ പരിശോധിക്കാന്‍ ഡമ്മികളും എത്തിക്കും. മാത്രമല്ല വിപണിയിലിറങ്ങുന്ന കാറിന്റെ എല്ലാ വേരിയന്റുകളില്‍ സുരക്ഷ എത്തിയോ എന്നുറപ്പാക്കാന്‍ ബേസ് മോഡലിലാവും പരിശോധനകളത്രയും. കൂടാതെ ഈ ടെസ്റ്റുകള്‍ വാഹന പരിശോധന നടത്തുന്ന ഏജന്‍സികള്‍ കാര്‍ നിര്‍മാതാക്കളുടെ ഏതെങ്കിലും പ്ലാന്റില്‍ നിന്ന് തെരഞ്ഞെടുക്കുകയാവും ചെയ്യുക. എല്ലാത്തിനുമൊടുവില്‍ പരിശോധന ഫലം വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. യാത്രക്കാരുടെ സുരക്ഷ ഒന്നുകൂടി ശക്തമാക്കുക, റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങി ദീര്‍ഘവീക്ഷണങ്ങളോടെ തന്നെയാണ് സര്‍ക്കാര്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഇതിനൊപ്പം സുരക്ഷിതമായ കാറുകള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരത്തിന് വഴിയൊരുക്കുക, ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്ക് രാജ്യാന്തരതലത്തില്‍ ആവശ്യക്കാരെ കൂട്ടുക തുടങ്ങി പിന്നണിയില്‍ ലക്ഷ്യങ്ങള്‍ ഏറെയുണ്ട്. ഈ പരീക്ഷണങ്ങള്‍ക്ക് മികച്ച ഫലം ലഭിച്ചാല്‍ റോഡ് സുരക്ഷയില്‍ അത് പൊന്‍തൂവലായി തന്നെ കണക്കാക്കാം. അല്ലാത്തപക്ഷം തുടക്കമിട്ട് ലക്ഷ്യം കാണാതെ പോയ വാഹന സുരക്ഷ പരീക്ഷണങ്ങളുടെ പട്ടികയില്‍ പുതിയൊരു വരി കൂടി എഴുതിച്ചേര്‍ക്കാം.

 
                                            