പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിചിത്രമായ നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു. വാഹനങ്ങൾക്ക് പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു സജിദാസിന്റെ കാർട്ടൂൺ.
നാലുദിവസം മുൻപ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ പെട്ട തന്റെ വാഹനത്തിന്റെ ചിത്രം എസ് ഐ പകർത്തിയെന്നും, പിഴ ഇട്ടാൽ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിക്കും എന്നുമുള്ള അടിക്കുറിപ്പോടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കട്ടപ്പന ട്രാഫിക് യൂണിറ്റിലെ വനിതാ എസ്ഐയെ കഥാപാത്രമാക്കിയായിരുന്നു സജിദാസ് കാർട്ടൂൺ വരച്ചത്.
സൈബർ ഇടങ്ങളിൽ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് സജിതാസിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ സജിദാസിന്റെ കാർട്ടൂൺ അത്തരം ഒരു പരാമർശവും നടത്തുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച കാർട്ടൂൺ അസഭ്യ വാക്കുകൾ കമന്റിട്ടവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ കേസെടുത്തതിൽ അത്ഭുതം തോന്നുന്നു എന്നാണ് സജിദാസിന്റെ പ്രതികരണം. എന്നാൽ കേസ് അന്വേഷണ സമയത്ത് കാർട്ടൂണിസ്റ്റിനെ ഒഴിവാക്കുമെന്നാണ് പോലീസ് വിശദീകരണം നൽകുന്നത്.
വനിതാ എസ് ഐ അനാവശ്യമായി പിഴ ഈടാക്കുന്നു എന്ന ആരോപണം മുൻപ് തന്നെയുണ്ട്. ഇതുകൊണ്ടാണ് സജിദാസിന്റെ പോസ്റ്റിനു താഴെ അസഭ്യ വർഷമുണ്ടായത്. എങ്കിലും കാര്യമാത്രപ്രസക്തമായ വിമർശനം നടത്തിയ കാർട്ടൂണിസ്റ്റിതിരെ കേസെടുത്തത് അധികാര ദുർവിനിയോഗമാണെന്നും അഭിപ്രായമുണ്ട്.
