ഒരു മുഖ്യമന്ത്രിയെയും ആരും കല്ലെറിയരുതെന്ന് പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.വെറുപ്പിന്റെ രാഷ്ട്രീയം വേണ്ടെന്നും ഒരുരാഷ്ട്രീയക്കാരനും വേട്ടയാടപ്പെടരുതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ സിഒടി നസീറിന്റെ ഉമ്മയ്ക്ക് ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു. മുന്‍ സിപിഎം പ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണ് സിഒടി നസീര്‍.
ഇന്ത്യയുടെ ഭാവിഭാഗ്ദാനമായ രാഹുല്‍ ഗാന്ധി സ്നേഹത്തിന്റെ കടയാണ് തുറന്നത്. വിദ്വേഷം വേണ്ട, വെറുപ്പ് വേണ്ട, വൈരാഗ്യം വേണ്ട, പക വേണ്ട.. അതേരാഷ്ട്രീയമാണ് ഇവിടെയും വേണ്ടത്. ഒരു മുഖ്യമന്ത്രിയെ കല്ലെറിയുന്ന സാഹചര്യം ഇവിടെയുണ്ടായി. ഇനി ആങ്ങനെ ഒരു സാഹചര്യം ഉണ്ടാകരുത്. ഇനിയൊരു രാഷ്ട്രീയ നേതാവും തന്റെ അപ്പ വേട്ടയാടപ്പെട്ട പോലെ വേട്ടയാടപ്പെടരുത്. ഈ തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാകണം. ഇങ്ങനെ ഒരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാന്‍ പാടുണ്ടോ?. ആ ചോദ്യം കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഉന്നയിക്കുകയാണ്. ഇനി അങ്ങനെ ഉണ്ടാവാന്‍ പാടില്ല’. ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാന്‍ പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ മാതാവ് ആമിന ബീവി.മകന്‍ കല്ലെറിഞ്ഞതിലെ പശ്ചാത്താപം കൊണ്ടാണ് തുക കൊടുത്തതെന്നും അവന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
