കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലീസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി. സിക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ് പന്നു. ഇയാളുടെ പേരിലുള്ള ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ ഐ എ പിടിച്ചെടുത്തത്. 22 ഓളം ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ രാജ്യദ്രോഹ കേസുകളും ഉൾപ്പെടും.
ഇതിനുമുമ്പും പന്നുവിന്റെ സ്വത്തുക്കൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടു കെട്ടിയിരുന്നു. സുൽത്താൻവിന്ദ് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴുള്ള നടപടി. പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പന്നുവാണ് നേതൃത്വം നൽകുന്നത് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 2023 ഫെബ്രുവരി മൂന്നിന് എതിരെ ജാമ്യമില്ല വാറന്റ് എൻ ഐ എ പുറപ്പെടുവിച്ചിരുന്നു.

 
                                            