പിണറായിയെ സമർദത്തിലാക്കി ദല്ലാൾ നന്ദകുമാർ

സോളാറില്‍ വിഴുപ്പലക്ക് തുടരും.ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് പറയുകയാണ് ദല്ലാള്‍ ടി.ജി നന്ദകുമാര്‍.കത്ത് പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരിയുടെ കത്ത് പുറത്തുവിടാന്‍ പിണറായി വിജയന്‍ വാക്കുകൊണ്ടും മുഖഭാവം കൊണ്ടും അനുമതി നല്‍കി. എന്നാല്‍ കത്ത് പുറത്ത് വിടാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. പിന്നീടാണ് ചാനലിന് കൈമാറിയതെന്നും നന്ദകുമാര്‍ പറഞ്ഞു.ഇതിനൊപ്പം വിഷയം കലാപമാക്കണമെന്ന് രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നുവെന്നും നന്ദകുമാര്‍ പറയുന്നു.

പിണറായി വിജയന്‍ തന്നോട് കടക്കുപുറത്തെന്ന് പറഞ്ഞിട്ടില്ല. കേരള ഹൗസില്‍ വെച്ചാണ് പിണറായി വിജയനെ കണ്ടത്. മൂന്നോ നാലോ തവണ പിണറായി വിജയനെ കണ്ടിട്ടുണ്ട്. പരാതിക്കാരിക്ക് വേണ്ടി പിണറായി വിജയനെ കാണാന്‍ സമയം വാങ്ങി നല്‍കിയിട്ടില്ല. മുഖ്യമന്ത്രി ആയതിന് ശേഷം പിണറായി വിജയനെ നേരിട്ട് കണ്ടിട്ടില്ല. 2016 ജനുവരി മുതല്‍ പിണറായി വിജയനുമായി അകല്‍ച്ചയില്ല’. പിണറായിയുമായി ഉള്ള പ്രശ്നം പരിഹരിച്ചത് ഇടനിലക്കാരാണെന്നും നന്ദകുമാര്‍ പറഞ്ഞു.

‘ഉമ്മന്‍ചാണ്ടി ശാരീരികമായി ഉപദ്രവിച്ചു എന്നാണ് 25 പേജുള്ള കത്തില്‍ പറയുന്നത്. പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ പറ്റി വിശദമായി അന്വേഷിക്കാന്‍ വി എസ് അച്ചുതാനന്ദന്‍ നിര്‍ദേശം നല്‍കിയെന്നും നന്ദകുമാര്‍ പറഞ്ഞു. കത്ത് പുറത്ത് വിട്ടത് ഉമ്മന്‍ചാണ്ടിയോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ്. കത്ത് ലഭിച്ചത് ശരണ്യ മനോജ് വഴിയാണ്. യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും കത്ത് പുറത്ത് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. ‘ ടി.ജി നന്ദകുമാര്‍ പറഞ്ഞു.

പരാതിക്കാരിക്ക് 1.25ലക്ഷം രൂപ സ്വന്തം കൈയില്‍ നിന്നും നല്‍കിയാണ് കത്ത് വാങ്ങിയത്. കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിനെതിരായ ആരോപണം തെറ്റാണെന്നും നന്ദകുമാര്‍ പറഞ്ഞു. പണം വാങ്ങിയല്ല ചാനല്‍ അതിജീവിതയുടെ കത്ത് കൈമാറിയതെന്നും ചാനല്‍ റിപ്പോര്‍ട്ടര്‍ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്‌ബോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സതീശന്‍ അങ്ങനെ പറയുമോയെന്ന് അറിയില്ല. വിജയന് അങ്ങനെ പറയാന്‍ മടിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
എന്തായാലും നന്ദകുമാറിന്റെ പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കുമോ എന്നതാണ് നിര്‍ണായകം.

Leave a Reply

Your email address will not be published. Required fields are marked *