ഇരുപത്തിമൂന്നു വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന അവസരം വേണ്ടെന്നു വയ്ക്കാൻ മുകേഷിന്റെ മുൻഭാര്യയെയും നർത്തകിയുമായ മേതിൽ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം തന്റെ ഇഷ്ടമേഖലയായ നൃത്തവുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനമായിരുന്നു ദേവികക്ക്.
എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. പതിമൂന്നാം വയസ്സു മുതൽ പലവട്ടം ഹിറ്റ് ചിത്രങ്ങൾക്ക് അവസരം ലഭിച്ചതാണ് ‘കാബൂളിവാല’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിലേക്കുള്ള ക്ഷണം വന്നപ്പോഴും ‘നോ’ തന്നെയായിരുന്നു മറുപടി.
എണ്ണം പറഞ്ഞ സംവിധായകർ പലവട്ടം പരിശ്രമിച്ചിട്ടും ഇളക്കാനാകാതെ പോയ ആ തീരുമാനം പുതുമുഖ സംവിധായകനായ വിഷ്ണു മോഹൻ മാറ്റിയിരിക്കുകയാണ്. നാൽപത്തിയാറാം വയസ്സിൽ മേതിൽ ദേവിക ബിഗ് സ്ക്രീനിലെത്തുകയാണ്. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’യിലൂടെ.
എന്തുകൊണ്ട് ഇപ്പോൾ?’ എന്ന ചോദ്യത്തിനു ദേവികയ്ക്കു കൃത്യമായ മറുപടിയുണ്ട്. ‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നിൽക്കാനായിരുന്നു തീരുമാനം. ആ തീരുമാനം ഒരു ശതമാനം പോലും തെറ്റിയില്ലെന്ന വിശ്വാസമുണ്ട്. ഇന്നോളമുള്ള നൃത്തജീവിതത്തിനിടെ നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത് അതിന് ഉദാഹരണമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകി കൂടെയാണ് ദേവിക.
കലയെ ശാസ്ത്രവുമായി കോർത്തിണക്കി ഞാൻ തന്നെ ആശയം നൽകി നടത്തുന്ന പഠനമാണിത്. ശാസ്ത്രീയനൃത്തത്തിന്റെ മേഖലയിൽ ചുവടുറപ്പിച്ച് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ. നൃത്തവേദിയിൽ നിന്നു ലഭിക്കുന്ന സന്തോഷത്തിലും വലുതല്ല എനിക്കു മറ്റൊന്നും
വിഷ്ണു വളരെ ടാലന്റുള്ള ചെറുപ്പക്കാരനാണ്. എന്നെ ഈ ചിത്രത്തിലേക്കെത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും തന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം നൽകാൻ കാരണം എന്നും ദേവിക വ്യക്തമാക്കി. നൃത്തവേദികളിലേതിൽ നിന്ന് ഏറെ വ്യത്യാസം സിനിമാഭിനയത്തിനുണ്ടെങ്കിലും ക്യാമറയ്ക്കു മുന്നിൽ സഭാകമ്പമൊന്നും തനിക്കു തോന്നിയില്ലെന്നും ദേവിക പറയുന്നു.

 
                                            