സോപ്പ് തേച്ച് കുളിച്ചാൽ കൊതുകുകടി ഉറപ്പ്

സോപ്പില്ലാത്ത കുളി എന്തുകുളിയാണെന്ന് കരുതുന്നവരാണ് ഏറെയും. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളി ദിനചര്യയുടെ ഭാഗമാണ്. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്‌ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാല്‍, ഒരുകൂട്ടം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള കുളി അല്‍പം പ്രശ്‌നക്കാരനാണെന്നാണ്. എല്ലാ സോപ്പുകളുമല്ല, ചില സുഗന്ധമുള്ള സോപ്പുകള്‍. അപകടകാരിയായ കൊതുകുകളെ സോപ്പിന്റെ സുഗന്ധം ആകര്‍ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍. സോപ്പുതേച്ചുള്ള കുളിയൊക്കെ കഴിഞ്ഞ് വന്നിരിക്കുമ്പോള്‍ ചുറ്റും കൊതുകുകള്‍ കൂടുന്നുണ്ടെങ്കില്‍ ഓര്‍ത്തോളൂ, സോപ്പിന്റെ സുഗന്ധത്തിന് കൊതുകിനെ വിളിച്ചുവരുത്തുന്നതില്‍ വലിയ പങ്കുണ്ടെന്ന്.

എസിലെ വിര്‍ജീനിയ ടെക് സര്‍വകലാശാലക്ക് കീഴിലെ കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സസിലെ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ശാസ്ത്ര ജേണലായ ‘ഐസയന്‍സി’ലാണ്. സോപ്പിന്റെ സുഗന്ധം കൊതുകിനെ വിളിച്ചുവരുത്തും എന്നാണ് ഇവരുടെ കണ്ടെത്തല്‍.

ആളുകളുടെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധവും, സോപ്പുതേച്ച് കുളിച്ച ശേഷമുള്ള ഗന്ധവും ശേഖരിച്ചാണ് പഠനം നടത്തിയത്. വിവിധ ഗന്ധമുള്ള സോപ്പുകളില്‍ ഈ പരീക്ഷണം തുടര്‍ന്നു. ഡോവ്, ഡയല്‍, നേറ്റീവ്, സിംപിള്‍ ട്രൂത്ത് തുടങ്ങിയ പ്രമുഖ സോപ്പുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

പലഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍, സോപ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്നതായി ഇവര്‍ കണ്ടെത്തി. ചില പ്രത്യേക ഗന്ധങ്ങള്‍ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നും കണ്ടെത്തി. മനുഷ്യശരീരത്തിന്റെ സ്വാഭാവിക ഗന്ധവും സോപ്പുതേച്ചുള്ള സുഗന്ധവും ശേഖരിച്ച് രണ്ടിടത്തായി വെച്ചായിരുന്നു പരീക്ഷണം. സ്വാഭാവിക ഗന്ധത്തേക്കാള്‍ സോപ്പുതേച്ചുള്ള ശരീരത്തിന്റെ ഗന്ധം തേടിയാണ് കൂടുതല്‍ കൊതുകുകളും എത്തിയത്.

ഇത് സംബന്ധിച്ച് മറ്റ് പല പഠനങ്ങളും നടന്നിട്ടുണ്ട്.നാളികേര ഗന്ധമുള്ള സോപ്പ് കൊതുകുകളെ ആകര്‍ഷിയ്ക്കുന്നില്ലെന്ന് മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള നിരവധി ഇന്റര്‍മോഡല്‍ സൂചനകളെ അടിസ്ഥാനമാക്കിയാണ് കൊതുകുകള്‍ ആളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ശ്വാസം, മെറ്റബോളിസം അല്ലെങ്കില്‍ ചര്‍മ്മത്തിലെ മൈക്രോബയോട്ട ഉല്‍പ്പാദിപ്പിക്കുന്ന ദുര്‍ഗന്ധങ്ങള്‍, ധരിക്കുന്ന വസ്ത്രം പോലുള്ള ദൃശ്യ സൂചകങ്ങള്‍ എന്നിവയും അതില്‍പ്പെടും.

മഴ സമയമായതിനാല്‍ ഇപ്പോള്‍ കൊതുക് ശല്യം ശക്തമാണ്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈല്‍ വൈറസ് തുടങ്ങിയ രോഗങ്ങള്‍ കൊതുക് കടിയിലൂടെ പകരുന്നതിനാല്‍ ശ്രദ്ധ അത്യാവശ്യമാണ്. പ്രാദേശിക കലാവസ്ഥയെയും സാഹചര്യങ്ങളെയും ആശ്രയിച്ച് ഓരോത്തിടത്തും കൊതുകിന്റെ എണ്ണം വ്യത്യാസപ്പെടും. കൊതുക് ശല്യം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ ഓരോത്തരും എടുക്കണം. പരിസരം വൃത്തിയാക്കുകയും പാത്രങ്ങളിലും ഓടകളിലുമടക്കം വെള്ളം തങ്ങി നില്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കുകയും വേണം. കൊതുക് വരാതിരിക്കാന്‍ വീടും പരിസരവും നാം പുകയ്ക്കാറുണ്ട്. കൊതുക് കുത്താതിരിക്കാന്‍ ദേഹത്ത് ക്രീം പുരട്ടുന്നുവരും ധാരാളമാണ്.
സോപ്പ് നന്നായി തേച്ച് കുളിച്ചാല്‍ കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നവരാണ് അധികമാള്‍ക്കാരും. എന്നാല്‍ ആ ചിന്ത തെറ്റായിരുന്നു എന്ന് ഇപ്പോള്‍ മനസിലായില്ലേ .

Leave a Reply

Your email address will not be published. Required fields are marked *