ചന്ദനപ്പെട്ടിയുമായി മോദി; യുഎസിൽ ഗംഭീര അത്താഴ വിരുന്ന്

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അത്താഴ വിരുന്നിനിടെ ഇരുവരും സമ്മാനങ്ങളും കൈമാറി. കൊത്തുപണികള്‍ ചെയ്ത ചന്ദനപ്പെട്ടിയാണ് ജോ ബൈഡന് മോദി നല്‍കിയത്. പെട്ടിയില്‍ വെള്ളിയില്‍ നിര്‍മിച്ച ഗണേശവിഗ്രഹം, ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ ദര്‍ശിച്ചവര്‍ക്ക് നല്‍കുന്ന തിരിവിളക്ക്,ഉപനിഷത്ത് എന്നിവയാണ് നല്‍കിയത്. 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദ വൈരക്കല്ലുമാണ് പ്രഥമ വനിത ജില്‍ ബൈഡന് സമ്മാനിച്ചത്.

പുരാതന അമേരിക്കന്‍ ബുക് ഗാലറിയാണ് ബൈഡന്‍ മോദിക്ക് സമ്മാനിച്ചത്. വിന്റേജ് അമേരിക്കന്‍ ക്യാമറ, വന്യജീവി ചിത്രങ്ങളടങ്ങിയ പുസ്തകം, റോബര്‍ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ എഡിഷനിലെ കോപ്പി എന്നിവയും ബൈഡന്‍ കൈമാറി. അത്താഴത്തിന് ജില്‍ ബൈഡന്റെ മേല്‍നോട്ടത്തില്‍ നിന കുര്‍ട്ടിസ് എന്ന പ്രത്യേക ഷെഫാണ് മോദിക്കായി വിഭവങ്ങള്‍ തയാറാക്കിയത്. മില്ലറ്റ് കേക്കുകള്‍, ഗ്രില്‍ഡ് കോണ്‍ കെര്‍ണെല്‍ സാലഷ്, ടാങ്കി അവക്കാഡോ സോസ്, കംപ്രസ്ഡ് വാട്ടര്‍മെലണ്‍ തുടങ്ങി വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. താമരയും മയില്‍ച്ചിത്രങ്ങളും കൊണ്ട് വൈറ്റ്ഹൗസ് അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത പരിപാടിയും അരങ്ങേറി.

3 ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തിയത്. വാഷിങ്ടനിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണം നല്‍കി. 24 വരെയാണു സന്ദര്‍ശനം. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിനു മോദി നേതൃത്വം നല്‍കി. ജോ ബൈഡനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം വിവിധ കമ്പനി മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തും. ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനിടയില്‍ മണിപ്പുര്‍ കലാപത്തില്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ്. സംസ്ഥാനം കത്തുമ്പോള്‍ പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത് എങ്ങനെയെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചോദിച്ചു. മണിപ്പുരില്‍നിന്നുള്ള പ്രതിപക്ഷ നേതാക്കള്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുമായി കൂടിക്കാഴ്ച നടത്തി.

മണിപ്പുരില്‍ കലാപം തുടങ്ങിയിട്ട് ഇന്നേക്ക് 50 ദിവസമായിട്ടും രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സമാധാനത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നത്. രാജ്യത്തെ ഒരു സംസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നത് എങ്ങനെയാണെന്നും കോണ്‍ഗ്രസ് ചോദിച്ചു. മണിപ്പുരിനെ പ്രധാനമന്ത്രി ബോധപൂര്‍വം അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *