മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5ന് ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ വാദങ്ങള്‍ തെറ്റാണ്. എന്റെ പിതാവ് മാര്‍ച്ചില്‍ അല്ല ഒക്ടോബറിന് ശേഷമാണ് വ്യോമസേനയില്‍ തന്നെ ചേരുന്നത്. ഈ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും സച്ചിന്‍ പറഞ്ഞു.മിസോറം തലസ്ഥാനമായ ഐസ്വാള്‍ ബോംബിട്ട് തകര്‍ത്തത് രാജേഷ് പൈലറ്റും, സുരേഷ് കല്‍മാഡിയും ചേര്‍ന്നാണെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. ഇരുവരും അന്ന് വ്യോമസേനയില്‍ പൈലറ്റുമാരായിരുന്നു.
പിന്നീട് ഈ രണ്ട് പൈലറ്റുമാരും കോണ്‍ഗ്രസിന്റെ മന്ത്രിമാരായി മാറി. ഇവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടംനല്‍കിയത് പ്രതിഫലമെന്ന നിലയില്‍ ഇന്ദിരാ ഗാന്ധിയാണ്. വ്യോമാക്രമണം നടത്തിയതിനുള്ള പ്രത്യുപകാരം എന്ന നിലയിലാണ് ഇവര്‍ക്ക് പാര്‍ട്ടിയിലെ സ്ഥാനങ്ങളും, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതുമെല്ലാം എന്ന് മാളവ്യ ആരോപിച്ചു. ഇത് പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു.
അതേസമയം അമിത് മാളവ്യ പറഞ്ഞിരിക്കുന്നത് തെറ്റായ തിയതികളും, വസ്തുതകളുമാണ്. ഒരു ഇന്ത്യന്‍ വ്യോമസേന പൈലറ്റ് എന്ന നിലയില്‍ എന്റെ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇന്നത്തെ കിഴക്കന്‍ പാകിസ്താനിലാണ്. അതും 1971ലെ ഇന്തോ-പാക് യുദ്ധത്തിലാണ് ആ ബോംബിങ്ങ് നടന്നത്. അല്ലാതെ നിങ്ങള്‍ പറഞ്ഞത് പോലെ മിസോറാമില്‍ എന്റെ പിതാവ് ബോംബ് വര്‍ഷിച്ചിട്ടില്ല.
നിങ്ങള്‍ പറഞ്ഞ വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലാണ് എന്റെ പിതാവ് വ്യോമസേനയില്‍ ചേരുന്നത്. അതിന്റെ സര്‍ട്ടിഫിക്കറ്റും ഇവിടെ ചേര്‍ക്കുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. സച്ചിന്റെ മറുപടി വന്നതോടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. 1966ല്‍ വ്യോമസേന മിസോറാമില്‍ ബോംബിട്ടതിനെ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണ് മോദിയെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരയുടെ തീരുമാനത്തെ നേരത്തെ വിമര്‍ശിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രിമാരുടെ അന്നത്തെ തീരുമാനത്തിലെടുത്ത സാഹചര്യങ്ങള്‍, ചര്‍ച്ചയില്‍ ജയിക്കാനായി വളച്ചൊടിച്ചാണ് മോദി ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ ലോക്സഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ വ്യോമസേന ആക്രണം മിസോറാം ജനതയ്ക്ക് നേരെയുള്ള ആക്രമണമായി മോദി വിശേഷിപ്പിച്ചിരുന്നു. 1962ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ തീരുമാനങ്ങളെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളെ കോണ്‍ഗ്രസ് അവഗണിക്കാന്‍ തുടങ്ങിയതെന്നും മോദി ആരോപിച്ചിരുന്നു

 
                                            