ഉമ്മൻചാണ്ടിയ്‌ക്ക് ചികിത്സാ പിഴവ് :പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന്കെ അനിൽകുമാർ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സാ പിഴവുണ്ടായി എന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം.കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബം അക്കാര്യത്തില്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടിനെ സംബന്ധിച്ച് കുടുംബക്കാര്‍ തന്നെ രംഗത്തുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കേണ്ടത്. ചികിത്സയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചവര്‍ ഇന്നും പുതുപ്പള്ളിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് യുഡിഎഫുകാര്‍ ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.

ഇന്ന് കണ്ണീര്‍ ഒഴുക്കുന്ന ആളുകള്‍ അത്തരം കാര്യങ്ങളില്‍ എടുത്ത നിലപാടിന്റെ പ്രത്യേകത കൊണ്ടാണ് ചരിത്രത്തില്‍ ഇല്ലാത്തവിധം സര്‍ക്കാരിന് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയതില്‍ വിശദീകരണം നല്‍കേണ്ടത് പ്രതിപക്ഷനേതാവാണ്. അവര്‍ വ്യക്തമാക്കിയാല്‍ അതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കും. തെളിവകള്‍ വേറെയുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ചികിത്സനിഷേധിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇടതുസര്‍ക്കാരിലും മുഖ്യമന്ത്രിയിലും അവര്‍ക്ക് അഭയം പ്രാപിക്കേണ്ടിവന്നത്. അത് കോണ്‍ഗ്രസില്‍ അവര്‍ക്കുള്ള അവിശ്വാസമാണ്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തട്ടിപ്പിന്റെ കടയാണ് തുറന്നിരിക്കുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട് പ്രതികരണത്തിന് സമയം ചോദിക്കുന്നു. എല്ലാ മാധ്യമങ്ങളെയം പള്ളിയിലേക്ക് വിളിച്ചിട്ടുണ്ട്. അവിടെവച്ച് പ്രതികരിക്കാം എന്നുപറയുന്നത് അയോധ്യ പുതുപ്പളിയില്‍ ആവര്‍ത്തിക്കരുതെന്ന ഞങ്ങളുടെ ആവശ്യത്തിന്റെ സാധൂകരണമാണ്. തൃപ്പൂണിത്തുറയില്‍ എന്തുനടത്തിയോ അതേരീതിയിലാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് പ്രക്രിയ കൊണ്ടുപോകാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നത്.

നേരത്തെ , പയ്യപ്പള്ളിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടയാള്‍ക്ക് ഇല്ലാത്ത വിശുദ്ധ പദവി ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടോയെന്ന് നേരത്തെ അനില്‍ കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. കൊലപ്പെട്ടവര്‍ക്ക് ഇല്ലാത്ത വിശുദ്ധപദവി കൊലയാളികളെ സംരക്ഷിച്ചവര്‍ക്ക് കൊടുക്കണോ എന്നായിരുന്നു അന്നത്തെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *