കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ നിക്ഷേപകരുടെ അഴിമതി ആരോപണം. ചികിത്സയ്ക്കും വീടുവയ്ക്കാനും മക്കളുടെ പഠനത്തിനുമായി മാറ്റി വച്ചിരുന്ന പണം തിരിച്ചു പിടിക്കാൻ ദിവസവും ബാങ്കിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ.
ഡിആർഓ ജോലിയിൽനിന്ന് വിരമിച്ച പത്മനാഭൻ ഇക്കൂട്ടത്തിൽ ഒരാളാണ്. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുകയുടെയും വീട് വിറ്റപ്പോൾ കിട്ടിയ തുകയുടെയും വലിയൊരു ഭാഗം പത്മനാഭൻ നെടുങ്കണ്ടം സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നു. പത്മനാഭൻ ക്യാൻസർ രോഗിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഹൃദ്രോഗിയും. ചികിത്സയ്ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ തിരിച്ച് ചോദിച്ചപ്പോൾ അധികൃതർ കൈമലർത്തി കാണിക്കുകയാണ്. നെടുങ്കണ്ടം സ്വദേശി വിജയനും ഇതുപോലെ വീടുപണിക്ക് കരുതിവച്ചിരുന്ന തുക സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നു. പണം തിരികെ കിട്ടാത്തതുകൊണ്ട് വീടുപണി മുടങ്ങി ഇന്ന് എന്ത് ചെയ്യുമെന്ന് അറിയാതെ നിൽക്കുകയാണ് വിജയൻ.
അഞ്ചുലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിച്ച 150 ലധികം പേരാണ് പണം കിട്ടാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന ബാങ്കിൽ 36 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് ആരോപണം. എന്നാൽ ഇവിടെയുണ്ടായിരുന്ന മുൻജീവനക്കാർ നടത്തിയ നിയമലംഘനങ്ങളാണ് ബാങ്കിനെ കടക്കണിയിൽ ആക്കിയത് എന്നാണ് ഭരണസമിതിയുടെ മറുപടി.
ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്ത മുൻ സെക്രട്ടറി ഇപ്പോൾ ഒളിവിലാണ്. ഉപഭോക്താക്കൾ അറിയാതെ അവരുടെ പേരിൽ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. പണം നഷ്ടപ്പെട്ടവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച സമരം ആരംഭിച്ചിരിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസിനും സഹകരണ വകുപ്പിനും ഭരണസമിതി പരാതിയും നൽകിയിട്ടുണ്ട്.

 
                                            