ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ ആരംഭിച്ച മമ്മൂട്ടിയുടെ സിബിഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
സംവിധായകൻ കെ മധു മസ്കറ്റിൽ വച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ് ആറാം ഭാഗം ഉണ്ടാകുമെന്ന വിവരം പങ്കുവെച്ചത്.
1988 ൽ റിലീസ് ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ ആരംഭിച്ച മമ്മൂട്ടിയുടെ സേതുരാമയ്യരുടെ ജൈത്രയാത്ര അഞ്ച് ചിത്രങ്ങൾ പിന്നിട്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞവർഷം പുറത്തുവന്ന സിബിഐ 5 ന് മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച പ്രേക്ഷകശ്രദ്ധ നേടുവാനായില്ല. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളുടെയും തിരക്കഥ എഴുതിയത് എസ് എൻ സ്വാമിയാണ്. എന്നാൽ സിബിഐ ആറാം ഭാഗത്തിന് മിഥുൻ മാനുവൽ തോമസ് ആയിരിക്കും തിരക്കഥ എഴുതുകയെന്ന അഭ്യൂഹവും ഉണ്ട്. സംവിധായകൻ വൈശാഖിനൊപ്പം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന മെഡിക്കൽ ത്രില്ലർ എബ്രഹാം ഓസ്ലറിലും മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു.

 
                                            