നവി മുംബൈയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. തന്റെ രണ്ടാം ഭാര്യക്ക് മക്കൾ ഇല്ലാത്തതുകൊണ്ടാണ് കുട്ടിയെ തട്ടിയെടുതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
നാല്പതു വർഷമായി മണി തോമസ് മുംബൈയിലാണ് താമസം. ആദ്യ ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ഇയാൾ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് ഭക്ഷണം വാങ്ങി നൽകിയ ശേഷം കുട്ടിയെ മണി തോമസ് തട്ടിക്കൊണ്ടുപോയത്. ജോലി കഴിഞ്ഞ് എത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. 150 ഓളം സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആയിരുന്നു പ്രതി അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ തന്നെയാണ് കുട്ടിയെയും താമസിപ്പിച്ചിരുന്നത്.

 
                                            