മധു ഡൈ ചെയ്യുന്നത് നിർത്തി ; കാരണം മമ്മൂട്ടിയോ?

ഏറ്റവും പ്രിയപ്പെട്ട നടന്‍ ആര് ? എന്ന് ചോദിച്ചാല്‍ നടന്‍ മമ്മൂട്ടിക്ക് പറയാന്‍ ഒരു പേര് മാത്രമെ കാണൂ. മധു. മലയാള സിനിമയുടെ ശൈശവ കാലം മുതല്‍ ബിഗ് സ്‌ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിക്ക് നൂറ് നാവാണ്. അദ്ദേഹത്തോടുള്ള തന്റെ ആരാധനയെ കുറിച്ച് പല വേദികളിലും മമ്മൂട്ടി വാചാലനായിട്ടുണ്ട്.

ആറിലോ ഏഴിലോ പഠിക്കുന്ന സമയത്താണ് മമ്മൂട്ടി മധുവിനെ ആദ്യമായി കാണുന്നത്. കൂട്ടുകാരുമൊത്ത് സിനിമാ ഷൂട്ട് കാണാന്‍ പോയ ആ കൊച്ചു മുഹമ്മദ് കുട്ടി വള്ളത്തില്‍ പോവുകയാണ്. പെട്ടൊന്നൊരു സ്വപ്‌നം പോലെ മധു ആ വള്ളത്തില്‍ കയറി.

എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയില്‍ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു. ഷൂട്ടിങ് കാണാനുള്ള കൊതിയില്‍ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്ക് പോവുക ആയിരുന്നു. വള്ളവുമായി കാത്തുനില്‍ക്കുമ്പോള്‍ ഒരു സ്വപ്‌നം പോലെ മധു സാര്‍ അതാ ഞങ്ങളുടെ വള്ളത്തില്‍ വന്നുകയറി. അതില്‍പരം ഒരു ത്രില്‍ ഉണ്ടോ?’, മനോരമ ആഴ്ചപ്പതിപ്പില്‍ മമ്മൂട്ടി കുറിച്ച വാക്കുകളാണിത്. അന്ന് മുതല്‍ ആ ചെറുപ്പക്കാരന്‍ മധുവിന്റെ ആരാധകനാണ്.

ആ ആരാധന വളര്‍ന്ന് പയ്യന്‍ മലയാള സിനിമയിലെ നെടുംതൂണായി, മമ്മൂട്ടിയായി മാറിയപ്പോഴും അങ്ങനെ തന്നെ തുടര്‍ന്നു. താന്‍ ആദ്യമായി കത്തെഴുതുന്ന നടനും മധുവാണെന്ന് മമ്മൂട്ടി ഓര്‍ക്കുന്നുണ്ട്. എവിടുന്നോ കിട്ടിയ ഗൗരീശപട്ടണം എന്നൊക്കെ ഉള്ള വിലാസത്തില്‍ ‘ഞാന്‍ അങ്ങയുടെ ആരാധകനാണ്’ എന്നു പറഞ്ഞായിരുന്നു കത്ത്. പണ്ടേ ഞാന്‍ സ്വപ്‌നം കാണുന്ന ആളായിരുന്നു അദ്ദേഹം. വളരെ വേണ്ടപ്പെട്ടയാള്‍ എന്ന് എപ്പോഴും മനസ് പറയുന്നൊരാളും അദ്ദേഹമാണെന്ന് മമ്മൂട്ടി പറയുന്നു.

പടയോട്ടം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി തന്റെ ആരാധന മധുവിനോട് പറയുന്നത്. തങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കം ആയിരുന്നു അതെന്നാണ് മമ്മൂട്ടി ഇതിനെ വിശേഷിപ്പിക്കുന്നത്. ഞാന്‍ മമ്മൂട്ടിയെ സ്‌നേഹിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മധു തന്നെ പറഞ്ഞിട്ടുമുണ്ട്.

ഡൈ ചെയ്യുന്നത് നിര്‍ത്താമെന്ന് അടുത്തിടെ പറഞ്ഞതിനെ കുറിച്ചും മമ്മൂട്ടി കുറിക്കുന്നു. ‘അടുത്തിടെ കണ്ടപ്പോള്‍ സാറിന്റെ തലയില്‍ നിറയെ മുടിയുണ്ടല്ലോ. ഇനി ഡൈ ചെയ്യുന്നതൊക്കെ നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം ഡൈ ചെയ്യുന്നത് അവസാനിപ്പിച്ചു’, എന്നാണ് മമ്മൂട്ടി പറയുന്നത്.
‘എന്റെ സുന്ദരന്‍ സ്റ്റാര്‍ ഈ നവതിയിലും തലയെടുപ്പുള്ള സുന്ദരന്‍ തന്നെ’ എന്നും മമ്മൂട്ടിപറഞ്ഞവസാനിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *