തെലങ്കാനയിലുള്ള മോഷ്ടാവിനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ വർഷംതോറും എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.
ജാഗ്ത്തിയൽ ജില്ലയിലെ രാപ്പള്ളി ഗ്രാമത്തിലാണ് ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദോംഗ മല്ലണ്ണ അഥവാ കള്ളൻ മല്ലണ്ണയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ അംശമാണ് ദോംഗ മല്ലണ്ണയെന്ന് വിശ്വസിക്കപ്പെടുന്നു.
വളരെ രസകരമാണ് ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള ഐതിഹ്യം.പണ്ട് പശുക്കളെ മോഷ്ടിച്ചിരുന്ന ചില കള്ളന്മാരെ ഗ്രാമവാസികൾ പിടികൂടി. ഇതിന്റെ നാണക്കേട് ഒഴിവാക്കാനായി മോഷ്ടാക്കൾ മല്ലികാർജുന സ്വാമിയോട് തങ്ങളുടെ ശരീരത്തിന്റെ നിറം പശുക്കളുടെ നിറത്തിലേക്ക് മാറ്റിത്തരണമെന്ന് പ്രാർത്ഥിച്ചു. ആഗ്രഹം സഫലമാക്കിയാൽ ദൈവത്തിനായി ഒരു ക്ഷേത്രം പണിയണമെന്നും അവർ നേർച്ച നേർന്നു. ഈ മോഷ്ടാക്കൾ നിർമ്മിച്ച ക്ഷേത്രമാണ് ദോംഗ മല്ലണ്ണ ഗുഡി.
ഡിസംബർ മാസത്തിലാണ് ദോംഗ മല്ലണ്ണ ക്ഷേത്രത്തിൽ ഉത്സവം കൊണ്ടാടുന്നത്. ജാഗ്ത്തിയൽ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണിത്. ആഗ്രഹസാഫല്യത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ഓരോ വർഷവും വഴിപാടുകൾ നേരുന്നത്.

 
                                            