മയക്കുമരുന്ന് കേസ് : പ്രവാസി ഇന്ത്യക്കാരനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് കോടതി വിധി

കുവൈത്ത് സിറ്റി : മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് പിടിയിലായ ഇന്ത്യക്കാരന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. വര്‍ഷങ്ങളായി രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നൈലോണ്‍ ബാഗില്‍ പൊതിഞ്ഞ് മയക്കുമരുന്ന് പലയിടങ്ങളിലായി വെച്ച ശേഷം ‘ഉപഭോക്താക്കള്‍ക്ക്’ വാട്സ്ആപ്പ് വഴി ലൊക്കേഷന്‍ അയച്ചുകൊടുത്തുകൊണ്ടായിരുന്നു കച്ചവടം. പ്രത്യേക ബാങ്ക് പേയ്മെന്റ് ലിങ്കുകള്‍ വഴി ആയിരുന്നു പണം സ്വീകരിച്ചിരുന്നതും. അതുകൊണ്ടുതന്നെ ഇടപാടുകാര്‍ ഒരിക്കലും ഇയാളെ കണ്ടിരുന്നില്ല.

ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. സ്വന്തം സാന്നിധ്യമില്ലാതെ അന്‍പതോളം തവണ ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്നുവെന്ന വിവരം ലഭിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *