ദിവ്യക്ക് പകരം ഇനി കെ കെ രത്നകുമാരി; അഭിനന്ദനവുമായി പിപി ദിവ്യ

പിപി ദിവ്യ രാജിവെയ്ച്ച സ്ഥാനത്തേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി പിപി ദിവ്യ രംഗത്തെതി. നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു കെ കെ രത്നകുമാരി. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയുംസൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ വിജയം. കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്നാണ് ഫേസ്ബുക്കിലൂടെ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ 4 സംസ്ഥാന അവാർഡുകൾ. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കി.

അതേസമയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളുവെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്‌നകുമാരി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കല്കടര്‍ അരുണ്‍ കെ വിജയന്റെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് പൊലീസ് പറഞ്ഞു. എഡിഎം ജീവനൊടുക്കിയ കേസിലെ പ്രധാന സാക്ഷി കൂടിയാണ് കലക്ടര്‍ അരുണ്‍ കെ വിജയന്‍.

പിപി ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *