കര്‍ണാടകയും യെദിയൂരപ്പനും പുല്‍വാമയും

സഞ്ജയ് ദേവരാജന്‍

കര്‍ണാടകം ഇലക്ഷന്‍ തയ്യാറെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ഇലക്ഷനു മുമ്പേ ഫലം പ്രഖ്യാപിക്കുന്ന എക്‌സിറ്റ് പോളുകള്‍ പൊതുവേ കര്‍ണാടകത്തിന്റെ കാര്യത്തില്‍ മൗനം പാലിച്ചു കുമ്പിട്ട് നില്‍ക്കുന്നു. ചില അനൗദ്യോഗിക സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിക്കുന്നു. കര്‍ണാടകയില്‍ ഡി കേശവകുമാര്‍ എന്ന ശക്തനായ നേതാവിന്റെ കീഴില്‍ കോണ്‍ഗ്രസ് ധൈര്യപൂര്‍വ്വം ഇലക്ഷന്‍ പോരാട്ടത്തിന് ഇറങ്ങുന്നു.

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനം മോഹിച്ച രംഗത്തുണ്ട്. ഇവരെ രണ്ടുപേരെയും ഒരുമിച്ച് നിര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പോരില്‍ മുന്നിലെത്തി എന്ന സ്ഥിതി കര്‍ണാടകയില്‍ ഉയര്‍ന്നുവരുന്നു. വിമത ശല്യം കോണ്‍ഗ്രസില്‍ പൊതുവേ കുറവ്. സാധ്യതകള്‍ കണ്ടറിഞ്ഞ് കൂടു വിട്ടു കൂടു മാറുന്ന നേതാക്കള്‍ കര്‍ണാടകയില്‍ ഈ തവണ കൂടുതല്‍ ബിജെപി പാളയത്തില്‍ ഉള്ളവരാണ്. മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു പരിധിവരെ ഇത്തരം കാര്യങ്ങള്‍ മറച്ചുപിടിച്ച് ബിജെപി മുന്നോട്ടുപോകുന്നു.

ബിജെപിയില്‍ ഏറ്റവും കൂടുതല്‍ മുറിവേറ്റപ്പെട്ട് കഴിയുന്നത് മുന്‍മുഖ്യമന്ത്രിയും ലിങ്കായത്ത് നേതാവായ യെദിയൂരപ്പയുമാണ്. ഭൂരിപക്ഷം ഉണ്ടായിരുന്ന യെദിയൂരപ്പേയേ പ്രായത്തിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ച നാണം കെടുത്തിയത് മോഡിയും അമിത് ഷായും ആണ്. തെക്കെ ഇന്ത്യയില്‍ ജാതി രാഷ്ട്രീയത്തിന്റെ ഇറ്റില്ലം ആയ കര്‍ണാടകയില്‍ ബിജെപിയെ വളര്‍ത്തി വലുതാക്കി ഇന്നത്തെ നിലയില്‍ എത്തിച്ചത് യെദിയൂരപ്പയാണ്. ആ യെദിയൂരപ്പനെയും മകനെയും മാറ്റിനിര്‍ത്തി മുന്നോട്ടു പോകാന്‍ ആണ് മോഡിയും, അമിത് ഷായും ശ്രമിക്കുന്നത്.

ഇത്തവണ ബിജെപി ജയിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു കഴിഞ്ഞു എന്ന് യെദിയൂരപ്പയ്ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ബിജെപിക്ക് അകത്തുനിന്ന് എന്തൊക്കെ ചെയ്യണം എന്ന് യെദിയൂരപ്പയ്ക്ക് വ്യക്തമായ ഒരു ധാരണയുണ്ടാകും.

ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളുമായി മുന്നോട്ടുപോയ ഉണ്ടായ തിരിച്ചടി ബിജെപിക്ക് ഓര്‍മ്മയുണ്ട്.

അതുകൊണ്ടുതന്നെ മോഡി പ്രചരണത്തിന് എത്തുമ്പോഴേക്കും ദേശീയ രാഷ്ട്രീയം വീണ്ടും അവിടെ വിഷയമാകണമെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം കോടതിവിധിയിലൂടെ അയോഗ്യത ആയ വിഷയം വഴി ദേശീയ രാഷ്ട്രീയം കര്‍ണാടകയില്‍ കത്തിക്കുവാന്‍ ബിജെപി ശ്രമിച്ചെങ്കിലും, വളരെ തന്ത്രപൂര്‍വ്വം കോണ്‍ഗ്രസ് നേതൃത്വം അതില്‍ വീഴാതെ കര്‍ണാടകയിലെ പ്രാദേശിക വിഷയങ്ങളുമായി തന്നെ മുന്നോട്ടു പോയി.

ഈ സാഹചര്യത്തില്‍ വേണം ബിജെപി കാരനും ഗുജറാത്ത് കാരനുമായ മുന്‍ കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ന്റെ പുല്‍വാമിയിലെ മോഡി വീഴ്ചകളെ സംബന്ധിച്ച് ഉള്ള തുറന്ന് പറച്ചിലിനെ കാണാന്‍. കോണ്‍ഗ്രസിലെ പല നേതാക്കളും ഈ വിവാദത്തില്‍ വീഴാതെ മാറി നിന്നപ്പോള്‍, ഇപ്പോഴത്തെ കോണ്‍ഗ്രസ് ഹൈ കമാന്‍ഡ് ലെ പ്രധാനിയായ കെ സി വേണുഗോപാല്‍ ഈ വിഷയത്തിലുള്ള പ്രതികരണം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് കോണ്‍ഗ്രസിനെ ചെയ്യുക.

ത്രിപുര മേഘാലയ തുടങ്ങിയ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിബിസി ഡോക്യുമെന്ററി ഏറ്റുപിടിച്ച് പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഇപ്പോഴത്തെ സത്യപാന്‍ മാലിക്കിന്റെ ചതിക്കുഴിയില്‍, പ്രത്യേകിച്ച് കര്‍ണാടക ഇലക്ഷന്‍ സാഹചര്യത്തില്‍ വീഴാതിരിക്കേണ്ട ജാഗ്രത കാണിക്കേണ്ടതുണ്ട്.

ഈ വിവാദങ്ങള്‍ കോണ്‍ഗ്രസ് ഏറ്റുപിടിച്ചാല്‍, കര്‍ണാടകയിലെ ഇലക്ഷന്‍ പ്രചരണത്തിന് വരുന്ന മോഡി തിരഞ്ഞെടുപ്പില്‍ അത് ഒരു വൈകാരിക വിഷയമായി ഉയര്‍ത്തുകയും, അതില്‍നിന്നും നേട്ടം കൊയ്യുകയും ചെയ്യും.സ്വാഭാവികമായി തന്നെ പ്രാദേശിക വിഷയങ്ങള്‍ അവിടെ ദേശീയ വിഷയങ്ങള്‍ക്ക് വഴിമാറുകയും ചെയ്യും.

ഹിമാചല്‍ പ്രദേശ് എന്ന ചെറിയ സംസ്ഥാനത്തിലെ പരാജയം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അത്ര തെരഞ്ഞെടുപ്പ് വിജയലഹരികളിലാണ് ബിജെപിയും മോഡിയും അമിത് ഷായും . അതിനാല്‍ തന്നെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാകാന്‍ അവര്‍ ഏത് അറ്റം വരെയും പോകും. ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് എത്ര കണ്ട് വീഴാതിരിക്കുന്നു എന്നതിനനുസരിച്ച് ആയിരിക്കും കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം .

Leave a Reply

Your email address will not be published. Required fields are marked *