സഞ്ജയ് ദേവരാജൻ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിയലിസ്റ്റിക് കഥകൾ പറഞ്ഞിരുന്ന മലയാള സിനിമ, വീണ്ടും ട്രെൻഡ് മാറുന്നതിന്റെ സൂചന നൽകി പൃഥ്വിരാജിന്റെ കാപ്പ.
മലയാളത്തിൽ ഒരു പിടി മികച്ച ആക്ഷൻ സിനിമകൾ സംവിധാനം ചെയ്ത ഹിറ്റ് മേക്കർ സംവിധായകനാണ് ഷാജി കൈലാസ്. ഏകലവ്യൻ, കിംഗ്, കമ്മീഷണർ, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ആക്ഷൻ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ്. മലയാള സിനിമാ പ്രേക്ഷകർ റിയലിസ്റ്റിക് സിനിമകളുടെ പിറകെ പോയ കഴിഞ്ഞ കാലങ്ങളിൽ നിശബ്ദനായിരുന്നു.
ഒരേ ശൈലിയിലുള്ള റിയലിസ്റ്റിക് സിനിമകൾ തുടർച്ചയായി വരുമ്പോൾ പ്രേക്ഷകർക്ക്, അത്തരം സിനിമകൾ മടുക്കുകയും , വ്യത്യസ്തമായ കാഴ്ച്ച അനുഭവങ്ങളുമായി വരുന്ന ചിത്രങ്ങൾ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്യുന്നതാണ് പൊതുവേ സിനിമ രംഗത്ത് കണ്ടുവരുന്നത്.
തന്റെ കഴിഞ്ഞ സിനിമയായ പൃഥ്വിരാജിന്റെ കടുവ വിജയിച്ചതോടെ, ആക്ഷൻ സിനിമകൾക്ക് വീണ്ടും നല്ല കാലം വരുന്നത് തിരിച്ചറിഞ്ഞു ഷാജി കൈലാസ് ഒരുക്കിയ ചിത്രം ആണ് കാപ്പ.
തിരക്കഥാകൃത്തായ ജി ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത കാപ്പാ, പഴയ ഷാജി കൈലാസ് ന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളുടെ അത്രത്തോളം വരുന്നില്ലെങ്കിലും മലയാള സിനിമ പ്രേക്ഷകർക്ക് ക്രിസ്മസ് പുതുവത്സര സമയത്ത് കാണാൻ പറ്റുന്ന ഭേദപ്പെട്ട ഒരു ചിത്രം തന്നെയാണ്.
സിനിമയുടെ ആദ്യപകുതി വളരെ ചടുലമായി മുന്നോട്ടു പോയി. ഇന്റർവെല്ലിന് ശേഷം കുഴപ്പമില്ലാതെ പോയ ചിത്രം, ക്ലൈമാക്സിൽ എത്തുമ്പോൾ തളരുന്നത് ആയി പ്രേക്ഷകർക്ക് അനുഭവപ്പെടാം. സ്ത്രീ കഥാപാത്രങ്ങൾക്ക് ആവശ്യത്തിലേറെ പ്രാധാന്യം നൽകി അവതരിപ്പിച്ചത്,കഥ ഗതിയിലെ ഒഴുക്കിനെ ബാധിച്ചു.
പൃഥ്വിരാജ് എന്ന നടന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരുകാലത്ത് ദേവാസുരം, സ്പടികം,ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിൽ മോഹൻലാൽ കാഴ്ച വെച്ചിരുന്ന പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുള്ള പൃഥ്വിരാജിന്റെ മുന്നോട്ടുപോക്ക് മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് . സിനിമയിലെ ചില രംഗങ്ങളിൽ കുറ്റബോധം തോന്നുന്ന നിമിഷങ്ങൾ ഭാവഅഭിനയം കൊണ്ട് പൃഥ്വിരാജ് മികച്ചതാക്കി.
വൈകാരിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനുള്ള ഷാജി കൈലാസിന്റെ ദൗർബല്യം ഈ ചിത്രത്തിൽ പ്രകടമായി കാണാം.
ആസിഫ് അലിയുടെ സ്ക്രീൻ പ്രസൻസ് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു.
ജബ്ബാർ എന്ന കഥാപാത്രമായി ജഗദീഷ് മികച്ചു നിന്നു. പൃഥ്വിരാജിന് ഒത്ത പ്രതിനായകനായി ദിലീഷ് പോത്തൻ തിളങ്ങി.പതിവ് ഷാജി കൈലാസ് ചിത്രങ്ങളിലെ ക്യാമറ കറക്കിയുള്ള ആക്ഷൻ വേഗത കാണിക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിൽ ഒഴിവാക്കി.
സനു ജോൺ വർഗീസ്ന്റെ ക്യാമറ കഥ ആവശ്യപ്പെടുന്ന വേഗത നൽകി. പശ്ചാത്തല സംഗീതം പതിവ് ഷാജി കൈലാസ് ചിത്രങ്ങളുടെ നിലവാരത്തിൽ എത്തിയിട്ടില്ല.
ക്ലൈമാക്സിൽ പാളിച്ചകൾ ഉണ്ടെങ്കിലും മലയാള സിനിമാ പ്രേക്ഷകർക്ക്, കാപ്പ ഒറ്റത്തവണ കാണാവുന്ന സിനിമ തന്നെയാണ്.
