ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതില്‍ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാര്‍ത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കടലാസ് കമ്പനികളുടെ പേരില്‍ ഭൂമി വാങ്ങിക്കുകയും നെല്‍വയല്‍ നികത്തി ലാഭവിഹിതമായ 552 കോടി വിദേശത്തേക്ക് കടത്തുകയും ചെയ്‌തെന്നാണ് ലീഡ് എന്ന മാധ്യമം വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ 500 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ ഇവര്‍ സ്വന്തമാക്കിയെന്നും ഇത് പിണറായി വിജയന്റെ ഒത്താശയോടെയാണെന്നുമാണ് പറയുന്നത്. ഈ വാര്‍ത്തയോട് മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കാത്തത് സംശയാസ്പദമാണ്. ഇതിനെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
2018ല്‍ സംസ്ഥാനത്ത് നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത് ഇത്തരം ഭൂമി സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫാരിസ് അബൂബക്കര്‍ പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിപിഎമ്മില്‍ അത് വലിയ ചര്‍ച്ചയായതാണ്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. ഫാരിസിനും സംഘത്തിനും എങ്ങനെയാണ് കേരളത്തില്‍ നിയമം ലംഘിക്കാന്‍ സാധിക്കുക. ഇവര്‍ ഭൂമി വാങ്ങിക്കൂട്ടിയത് ആര്‍ക്ക് വേണ്ടിയാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണം. തങ്ങള്‍ക്ക് അന്വേഷിക്കാന്‍ സാധിക്കില്ലെങ്കില്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. വിവാദ കമ്പനി എസ്ആര്‍ഐടിക്കെതിരെയും ഭൂമി ഇടപാടില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. എല്ലാ കേസുകളിലും ഇവര്‍ പ്രതിസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ എങ്ങനെയാണ് എസ്ആര്‍ഐടിക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് ജനങ്ങള്‍ക്കുള്ളത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായി എസ്ആര്‍ഐടിക്ക് എന്ത് ബന്ധമാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ഇടപാടില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പേരുമുണ്ടെന്നത് അറിയാതെയാവും വി.ഡി. സതീശന്‍ പത്രസമ്മേളനം നടത്തിയത്. സതീശന്‍ ഇനി ഇതില്‍ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രണ്ടാമത്തെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത് ദേശാഭിമാനി മുന്‍ എഡിറ്ററും സിപിഎം സഹയാത്രികനുമായ ജി.ശക്തിധരനാണ്. മുഖ്യമന്ത്രിക്ക് വേണ്ടി കൊച്ചിയിലെത്തിയ രണ്ട് കോടിയിലധികം പണം പായ്‌ക്കെട്ടില്‍ ഇന്നത്തെ ഒരു മന്ത്രിയും മറ്റൊരാളും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന വലിയ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കോടികളുടെ ഇടപാടിന് താന്‍ സാക്ഷിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ സ്ഥിതിക്ക് ഈ ആരോപണത്തില്‍ അന്വേഷണം വേണം. സര്‍ക്കാര്‍ മൂക്കറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 
                                            