സി പി എമ്മും ബി ജെ പി യും ഒത്തുകളിയെന്ന് കെ മുരളീധരൻ

കേരളത്തിലെ കോൺഗ്രസ്‌ വിഭാഗം ബി ജെ പി യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും കുറ്റം പറയുന്നത് സ്ഥിരം നടക്കുന്ന കാര്യമാണ്. ഇപ്പോഴിതാ പുതിയ ആരോപണവുമായി കെ മുരളീധരൻ രംഗത്തെത്തിയിരിക്കുന്നു.

കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് കെ മുരളീധരൻ പറയുന്നത്.ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ ഈ മാനദണ്ഡത്തിൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു. തെലങ്കാനയിലെ കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് കെ മുരളീധരൻ.

എൻഡിഎയിൽ ചേരാനുള്ള ദേശീയഘടകത്തിന്റെ തീരുമാനത്തെ പൂർണ്ണമായും തള്ളിപ്പറയുന്ന സമീപനമായിരുന്നു ജെഡിഎസ് കേരള ഘടകത്തിന്റെത് .എന്നാൽ ജെഡിഎസ് ബന്ധം ഉപേക്ഷിക്കുന്നതിൽ സാങ്കേതികപ്രശ്നം ഉണ്ടെന്ന നിലപാടിലായിരുന്നു സംസ്ഥാന ആദ്ധ്യക്ഷൻ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും. ദേശീയ തലത്തിൽ സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മറ്റൊരു ബദൽ നീക്കത്തിനും കേരളത്തിലെ നേതാക്കൾ തയ്യാറെടുത്തിരുന്നു എന്നാൽ ജെഡിഎസ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയതോടെ ഈ നീക്കവും പാളി.

അതേസമയം കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നെന്ന് എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തി. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ പറഞ്ഞു. അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ കൂട്ടിചേർത്തു. ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ടെന്നും കേരള സംസ്ഥാന ഘടകം എൻഡിഎയിൽ ചേരുന്നതിന് സമ്മതം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസ് എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത് വന്നിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ദേവ ഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എൻ ഡി എ ബന്ധത്തിനോട് പൂർണമായ വിയോജിപ്പാണ്. ഞങ്ങൾ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *