ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം 2019-ിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപപ്പെട്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനായി പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. ജമാഅത്തെ ഇസ്ലാമിയുടെ ഇടത് വിരുദ്ധ നിലപാട്, ന്യൂനപക്ഷങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നും ഒ. അബ്ദുള്ള പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായ ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം മാസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപപ്പെട്ടതല്ലെന്ന് തെളിയുകയാണ്. 2019-ിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇത്തരമൊരു ബന്ധം സ്ഥാപിച്ചിരുന്നു. കേരളത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് എന്ന വാദം ഉയര്‍ത്തിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്ത് ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പൂര്‍ണ്ണമായി യു.ഡി.എഫിനായി പ്രവര്‍ത്തിച്ചു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള പറഞ്ഞു.
മതേതരത്വം നിലനില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ മതേതരത്വ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷം ദുര്‍ബലപ്പെടരുത്. ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്ന ഇടതുപക്ഷ വിരുദ്ധ നിലപാട് വിശാല ന്യൂനപക്ഷ താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഒ. അബ്ദുള്ള അഭിപ്രായപ്പെട്ടു.

 
                                            