മലയാളികളുടെ നക്ഷത്രകുഞ്ഞ് മൺമറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് ; ഓർമ്മകളിൽ മായാതെ മോനിഷ

മലയാളി സിനിമ പ്രേമികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട നായികയായിരുന്നു നടി മോനിഷ. മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അതുല്യപ്രതിഭ. മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ആ ഓർമ്മകൾ ഇന്നും മലയാളി സിനിമാസ്വാദകരുടെ ഇടനെഞ്ചിൽ ഒരു പോറലായി അവശേഷിക്കുന്നു.വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും പ്രതിഭ കൊണ്ടും ജനമനസ്സുകൾ കീഴടക്കിയ നക്ഷത്ര കുഞ്ഞ് എന്നാണ് മോനിഷയെ എംടി വിശേഷിപ്പിച്ചത്.ഇദ്ദേഹം തന്നെയാണ് മോനിഷയെ സിനിമാ ലോകത്തേക്ക് കൈപിടിച്ചുയർത്തിയതും.
പതിനാലാം വയസ്സിൽ അരങ്ങേറ്റ ചിത്രത്തിൽ തന്നെ ദേശീയ പുരസ്കാരം നേടിയ താരമാണ് മോനിഷ.

സിനിമയിൽ കത്തിജ്വലിച്ച ഏഴ് വർഷങ്ങളിൽ അഭിനയിച്ചത് 27 സിനിമകളിലാണ്. ചുരുങ്ങിയ കാലത്തെ അഭിനയജീവിതം ആയിരുന്നുവെങ്കിലും ഒരായുഷ്കാലത്തേക്കുള്ള ഓർമ്മകൾ സിനിമാലോകത്ത് അടയാളപ്പെടുത്തിയാണ് മോനിഷ യാത്രയായത്. അധിപൻ, ആര്യൻ, പെരുന്തച്ചൻ, കമലദളം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി ആയിരുന്നു മോനിഷയുടെ കലാജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. തമിഴിലും കന്നടയിലും നിറയെ ആരാധകർ. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി മാറ്റി. സിനിമയിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആ യാത്ര അവസാനിക്കുന്നു. ചേർത്തല എക്സ്-റേ കവലയിൽ നിന്ന് മോനിഷയുടെ കാർ മരണത്തിന്റെ പാതയിലേക്ക് പറന്നപ്പോൾ പിടഞ്ഞത് മലയാളി ഹൃദയങ്ങൾ ആയിരുന്നു.
1971 ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിക്കുന്നത് അച്ഛൻ ബാംഗ്ലൂരിൽ തുകൽ ബിസിനസ് ആയിരുന്നതിനാൽ മോനിഷയുടെ ബാല്യം ബാംഗ്ലൂരിലായിരുന്നു.അമ്മ ശ്രീദേവി നല്ലൊരു നർത്തകി കൂടിയായിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ നൃത്തം പഠിച്ചിരുന്ന മോനിഷ ഒമ്പതാം വയസ്സിൽ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി.1985 കർണാടക ഗവൺമെന്റിന്റെ ഭരതനാട്യം നടത്തകർക്ക് നൽകുന്ന കൗശികാ അവാർഡ് മോനിഷയ്ക്ക് സ്വന്തമായി. സൈക്കോളജിയിൽ ബിരുദം നേടിയ മോനിഷക്ക് സിനിമയിൽ അവസരം ലഭിച്ചത് കുടുംബ സുഹൃത്തായ എംടി വാസുദേവൻ നായരിലൂടെയാണ്. നഖക്ഷതങ്ങൾ ആയിരുന്നു മോനിഷയുടെ ആദ്യചിത്രം. കൗമാരത്തിലെ ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ നഖക്ഷതങ്ങളിലൂടെ മോനിഷയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമാണ് വന്നുചേർന്നത്

. 15 വയസ്സ് മാത്രമായിരുന്നു അപ്പോൾ മോനിഷയുടെ പ്രായം. പിന്നീട് പെരുന്തച്ചൻ,കടവ്,കമലദളം, ചമ്പക്കുളം തച്ചൻ, കുടുംബസമേതം, തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മോനിഷയുടെ അഭിനയ മികവ് മലയാള സിനിമ ലോകം കണ്ടറിഞ്ഞു.മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ, ദ്രാവിഡൻ തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജകുമാരൻ നായകനായി അഭിനയിച്ച ചിരഞ്ജീവി സുധാകർ എന്ന കന്നട സിനിമയിലും മോനിഷ അഭിനയിച്ചു. 1992 ഡിസംബർ 5ന് ചെടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാർ ആലപ്പുഴയ്ക്ക് അടുത്തുള്ള ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും മലയാളികളുടെ നക്ഷത്രക്കുഞ്ഞ് മറഞ്ഞു പോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *