വീടിന്റെ പ്രധാന വാതിൽ തെക്കോട്ട് ആകുന്നത് ദോഷമോ ?

ഇന്ന് വാസ്തുവിന് പ്രാധാന്യം നല്‍കിയാണ് ഒട്ടുമിക്ക വീടുകളും പണിയുന്നത്. ഇതില്‍ പ്രധാനമാണ് മുന്‍വശത്തെ വാതിലിന്റെ സ്ഥാനം. വാസ്തുശാസ്ത്രപ്രകാരം, ഒരു വീടിന്റെ പ്രധാന കവാടം കുടുംബത്തിന്റെ പ്രവേശന സ്ഥലം മാത്രമല്ല ഊര്‍ജ്ജ ഉറവിടം കൂടിയാണ്. അതിനാല്‍ വാസ്തു അനുസരിച്ച് വേണം മുന്‍വശത്തെ വാതില്‍ വയ്ക്കാനും.

വീട്ടിനകത്തേക്ക് പോസിറ്റീവ് എനര്‍ജി എത്തുന്നത് മുന്‍വാതില്‍ വഴി ആയതിനാല്‍ ശരിയായ ദിശയില്‍ വേണം വാതില്‍ സ്ഥാപിക്കേണ്ടത് എന്ന് വാസ്തു നിഷ്‌കര്‍ഷിക്കുന്നു.

‘വാസ്തുശാസ്ത്രം നിഷ്‌കര്‍ഷിക്കുംവിധം പ്രധാനവാതില്‍ വിന്യസിച്ചാല്‍ കുടുംബാംഗങ്ങളുടെ ക്ഷേമവും, ആരോഗ്യവും ധനവും മെച്ചപ്പെടും എന്നാണ് വിശ്വാസം. മറിച്ചാണെങ്കില്‍ വിപരീതഫലവുമുണ്ടാകാം.വാസ്തുപ്രകാരം പ്രധാന വാതില്‍ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും ഉചിത സ്ഥാനം കിഴക്ക്, പടിഞ്ഞാറ്, വടക്ക്- കിഴക്ക് എന്നി ഭാഗങ്ങളിലായിട്ടാണ്. ഈ വശങ്ങള്‍ ഉചിതവും വീട്ടകത്തേക്ക് പോസിറ്റിവ് എനര്‍ജിയുടെ ഒഴുക്ക് കൂട്ടുന്നതുമാണ്. പ്രധാനവാതില്‍ തെക്ക്, തെക്ക് -പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ് തെക്ക് -കിഴക്ക് ദിശകളില്‍ നിര്‍മ്മിക്കരുത്. ഈ ദിശകളിലേക്ക് വയ്ക്കുകയാണെങ്കില്‍ ലോഹ പിരമിഡ് ഉപയോഗിക്കണം. ചെമ്പ്, ഓട് , ലെഡ് എന്നിവയിലുള്ളതാവണം ലോഹ പിരമിഡ്.

പ്രധാന വാതില്‍ മറ്റെല്ലാ വാതിലിനേക്കാള്‍ വലുതായിരിക്കണം. ക്ലോക്ക് ദിശയില്‍ തുറക്കുന്നതായിരിക്കണം. പ്രധാന വാതിലിന് സമാന്തരമായി മൂന്ന് വാതില്‍ വരാതെ നോക്കണം. ഇത് കുടുംബാംഗങ്ങളുടെ സന്തോഷം കെടുത്തും.മരത്തില്‍ പ്രധാന വാതില്‍ തീര്‍ക്കുന്നതാണ് ഏറ്റവും ഉചിതം എന്നാല്‍ പ്രധാന വാതില്‍ തെക്ക് ദിശയിലാണെങ്കില്‍ മരവും മെറ്റലും ചേര്‍ന്ന് വരുന്നതാണ് നല്ലത്. പടിഞ്ഞാറ് ദിശയിലെങ്കില്‍ വാതിലില്‍ ലോഹവും ഉപയോഗിക്കണം. വടക്ക് ദിശയിലാണെങ്കില്‍ സില്‍വര്‍ നിറം ഉണ്ടായിരിക്കണം. കിഴക്ക് ദിശയിലെങ്കില്‍ കുറഞ്ഞ ലോഹ സാമഗ്രികള്‍ ഉപയോഗിച്ചാല്‍ മതിയാകും.പച്ചിലകള്‍ കൊണ്ട് പ്രധാന വാതില്‍ അലങ്കരിക്കാവുന്നതാണ്. മൃഗങ്ങളുടെ രൂപങ്ങള്‍, പൂ ഇല്ലാത്ത് ചെടികള്‍, ഫൗണ്ടെയിന്‍സ് എന്നിവ ഒഴിവാക്കണം. ഷൂ റാക്ക് പ്രധാന വാതിലിനോട് ചേര്‍ന്ന് വേണ്ട. മെയിന്‍ ഡോറിനോട് ചേര്‍ന്ന് ബാത്ത്റൂം വരരുത്.’

അതുപോലെ വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കിണര്‍. വീട്ടിലെ കിണറിന്റെ സ്ഥാനം കുടുംബത്തിന് ഐശ്വര്യം നേടിത്തരുമെന്നാണ് വിശ്വാസം. എന്നാല്‍ ഇവ സ്ഥാനതെറ്റിയാണ് നിര്‍മ്മിക്കുന്നതെങ്കില്‍ വിപരീത ഫലം ഉണ്ടാകുമെന്നും പറയുന്നു. ഉദ്യോഗത്തില്‍ പുരോഗതിയില്ല, സന്താനഭാഗ്യമില്ല, തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഒരു പക്ഷേ ഇത് വാസ്തുദോഷം മൂലമാകുമെന്ന് സംശയിക്കേണ്ടതുണ്ട്.വടക്കുപടിഞ്ഞാറ് മൂലയില്‍ കിണര്‍, കുളം, ജലസംഭരണികള്‍ എന്നിവ നിര്‍മ്മിക്കാന്‍ പാടില്ല. ഇവിടെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യവും ഉണ്ടാകാന്‍ പാടില്ല.

ഓരോ മുറിക്കും അതിന്റേതായ സ്ഥാനവും വാസ്തുശാസ്ത്രം കല്‍പ്പിക്കുന്നുണ്ട്. കുളിമുറി കിഴക്കും ഡൈനിങ് റൂം പടിഞ്ഞാറും വിലപിടിപ്പുള്ള സാധനങ്ങള്‍ തെക്കും കിടപ്പുമുറി വടക്കും പൂജാമുറി തെക്കുകിഴക്കും അടുക്കള വടക്കുകിഴക്കും ധാന്യപ്പുര തെക്കുപടിഞ്ഞാറും ആയുധപ്പുര വടക്കുപടിഞ്ഞാറും നിര്‍മ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *