കാനഡയ്ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; കനേഡിയൻ പ്രതിനിധി അഞ്ചുദിവസത്തിനകം രാജ്യം വിട്ടു പോകണം

കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് പിന്നാലെ കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. മാത്രമല്ല അഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിട്ടു പോകാനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ഇന്ത്യ തള്ളിയതോടെയാണ് ഈ നടപടി.

കാനഡയിലെ ഇന്ത്യൻ പ്രതിനിധിയെ പുറത്താക്കിയ വിവരം കനേഡിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു മണിക്കൂറുകൾക്കുള്ളിൽ ആണ് ഇന്ത്യയുടെ പ്രതികരണം ഉണ്ടായത്.

കാനഡയിലെ ഹൈകമ്മിഷണറെ വിളിച്ചുവരുത്തി നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാര്യം അറിയിച്ചിട്ടുള്ളതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അടുത്ത അഞ്ചു ദിവസത്തിനുള്ളിൽതന്നെ ഇദ്ദേഹത്തോട് ഇന്ത്യയിൽ നിന്ന് പോകുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശപ്രതിനിധികൾ ഇടപെടുന്നതും രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന് പ്രസ്താവനയിൽ പറയുന്നു.

2023 ജൂൺ 18ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. കൊലപാതകമടക്കം പത്തോളം എഫ്ഐആറുകളിൽ ഹർദീപ് പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ബൈക്കിൽ എത്തിയ ആക്രമികൾ ഇയാളെ വെടിവെച്ചു വീഴ്ത്തി എന്നായിരുന്നു കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്..

ഇതിനുമുമ്പുതന്നെ ഖലിസ്ഥാൻ വിഘടനവാദ സംഘടനകൾ കാനഡ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ കാനഡയിലെ ഒന്റാരിയോ നഗരത്തിൽ നടന്ന പരേഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീവ്രവാദ സംഘടനകൾ രാജ്യത്ത് പ്രബലമാകുന്നതിനെതിരെ കാനഡ പുലർത്തുന്ന നിഷ്‌ക്രിയത്വവും ഒരു വിഘടനവാദ നേതാവ് കൊല്ലപ്പെട്ടപ്പോൾ കനേഡിയൻ പ്രധാനമന്ത്രി തന്നെ സഹതാപം പ്രകടിപ്പിക്കുന്നതിനും എതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *