എബ്ലു നിരയിലുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്, ഇലക്ട്രിക് മുച്ചക്ര ഇ-ലോഡര്‍ ആയ എബ്ലു റീനോ പുറത്തിറക്കി. ഇന്ത്യയിലെ ഇ വി മുച്ചക്ര കാര്‍ഗോ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. എബ്ലു റീനോയുടെ മുന്‍ കൂട്ടിയുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു.
ഉപഭോക്താക്കള്‍ക്ക് 3,34,999 രൂപ എക്സ്-ഷോറൂം നിരക്കിലാണ് ഇ-ലോഡര്‍ നല്‍കുന്നത്.പുതിയ വാഹനം പുറത്തിറക്കുന്നതിന്റെ ഭാഗമായി ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ് സി ഇ ഒ ഹൈദര്‍ ഖാന്‍ പറയുന്നതിങ്ങനെ ”റായ്പ്പൂരിലെ ഞങ്ങളുടെ കേന്ദ്രത്തില്‍ രൂപകല്‍പ്പന ചെയ്ത എബ്ലു റീനോ, ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നാഴികക്കല്ലാണ്. കാരണം ഞങ്ങള്‍ എബ്ലു വാഹന നിര വിശാലമാക്കി കൊണ്ട് ഇലക്ട്രിക് മുച്ചക്ര കാര്‍ഗോ മേഖലയിലേക്കും കടക്കുകയാണ്.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമായി വാണിജ്യവും വളര്‍ന്നു വികസിക്കുന്നു. ഈ പുരോഗതി ശക്തിപ്പെടുത്തുന്നതിനായി ബിസിനസ്സുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നടപടികള്‍ ഉള്‍ക്കൊള്ളുന്ന സുസ്ഥിര രീതികള്‍ സ്വീകരിക്കേണ്ടത് നിര്‍ണ്ണായകമാണ്. എബ്ലു റീനോ അവതരിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക ബോധത്തോടേയുള്ള സമീപനത്തിലേക്ക് ഉയരുവാന്‍ ബിസിനസ്സുകാര്‍ക്ക് ഒരു അവസരം നല്‍കുന്നു.
എബ്ലു റീനോയുടെ സവിശേഷതകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.ഉയര്‍ന്ന പ്രകടനം നല്‍കുന്നതിനായി 49 എന്‍എം പരമാവധി ടോര്‍ക്ക് സൃഷ്ടിക്കുന്ന 10.2 കെഡബ്ലിയുഎച്ച് ലി-അയോണ്‍ ബാറ്ററി. തടസ്സരഹിതമായ ദീര്‍ഘദൂര യാത്രകള്‍ക്ക് ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ വരെ റേഞ്ച് യാത്ര കമ്പനി ഉറപ്പ് നല്കുന്നു. എത്തേണ്ടിടത്ത് സമയത്തിന് എത്തുവാന്‍ സഹായിക്കുന്നതിനായി 45 കിലോമീറ്റര്‍/മണിക്കൂര്‍ ഉയര്‍ന്ന വേഗത.
ബാറ്ററിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാനും ഡ്രൈവിങ്ങ് റേഞ്ച് കൂട്ടുവാനും സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിങ്ങ്. 500 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിവുള്ളതിനാല്‍ കനത്ത ഭാരമുള്ള ചരക്കുകള്‍ കൊണ്ടു പോകാന്‍ കഴിയും. 3035 മില്ലീമീറ്റര്‍ നീളമുള്ള എബ്ലു ആരേയും ആകര്‍ഷിക്കുന്ന സാന്നിദ്ധ്യമാണ് പ്രകടമാക്കുന്നത്. 1775 എംഎം ഉയരമുള്ള എബ്ലു റീനോ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും. 2110 എംഎം വീല്‍ബേസ് ദീര്‍ഘദൂര യാത്രകളില്‍ സുസ്ഥിരത നല്‍കുന്നു.
235 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ച്ചകളും താഴ്ച്ചകളുമൊക്കെ മറികടക്കുവാന്‍ സഹായിക്കുന്നു.
ചരക്കിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മുന്നിലേയും പിന്നിലേയും സസ്പെന്‍ഷന് കോയില്‍ സ്പ്രിങ്ങോടു കൂടിയ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബര്‍.
ട്രാഫിക്കിലൂടെ സുഗമമായി മുന്നോട്ട് നീങ്ങുവാന്‍ സഹായിക്കുന്ന ഹൈഡ്രോളിക് ഡ്രം ബ്രേക്കുകള്‍.
1549 എംഎംx 1350 എംഎംx 319 എംഎം നീളവും വീതിയും ഉയരവും യഥാക്രമമുള്ള കാര്‍ഗോ സ്പേസാണ് എബ്ലിവിനുള്ളത് എന്നതിനാല്‍ വളരെയധികം ചരക്കുകള്‍ കൊണ്ടു പോകാന്‍ കഴിയും. 6 മണിക്കൂറും 30 മിനുട്ടുമാണ് ചാര്‍ജിങ് സമയം.
3 വര്‍ഷവും 30,000 കിലോമീറ്ററും വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഐഡിബിഐ ബാങ്ക്, എസ്‌ഐഡിബിഐ, ബജാജ് ഫിന്‍സര്‍വ്, കൊടക് മഹീന്ദ്ര ബാങ്ക്, പേട്ടെയ്ല്‍, ഇസെഡ്ഫിനാന്‍സ്, ഛത്തീസ്ഗഡ് ഗ്രാമീണ്‍ ബാങ്ക്, റെവ്ഫിന്‍, അമു ലീസിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, പൈസാലോ എന്നിങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ധനസഹായം ലഭിക്കും.
