കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന പേരുകളിൽ ഒന്നാണ് പ്രേംകുമാറിന്റേത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിക്കുന്നത് പ്രേംകുമാറാണ്. പ്രേംകുമാർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം എത്തുന്നത് അദ്ദേഹം ചെയ്ത് കോമഡി റോളുകളാവും. എന്നാൽ ഒന്നാം റാങ്കോടെ നാടകത്തിൽ ബിരുദം നേടിയ ആളാണ് പ്രേംകുമാർ. ചെമ്പഴത്തി ശ്രീനാരായണ കോളേജിൽ നിന്ന് അദ്ദേഹം സൈക്കോളജിയിൽ ബിരുദം നേടി. കോഴിക്കോട് സർവകലാശാലയുടെ സ്കൂൾ ഓഫ്  ഡ്രാമയിൽ നിന്ന് തിയറ്ററിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയാണ് ബിരുദം നേടിയത്.
പലപ്പോഴും സിനിമ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യത അറിയാനുള്ള കൗതുകം പ്രേക്ഷകർക്ക് ഉണ്ടാവാറുണ്ട്. എത്ര വരെ പഠിച്ചു, പഠനത്തിൽ ഒന്നാമനായിരുന്നോ എന്നിങ്ങനെ പല ചോദ്യങ്ങളും ഉയരാറുണ്ട്. പ്രേം കുമാറിനെ പോലെ തന്നെ ഒന്നാം റാങ്ക് നേടിയ മറ്റൊരു നടനാണ് ജഗദീഷ്. ജഗദീഷും ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളാണ് ചെയ്തിരുന്നത്. അദ്ദേഹം ഇപ്പോൾ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. തിരുവന്തപുരം നാലാഞ്ചിറ മാർ ഇവാനിയസ് കോളേജിൽ നിന്ന് എംകോം ബിരുദം നേടിയപ്പോൾ കേരള സർവകലാശാലയിൽ ഒന്നാം റാങ്ക് ആയിരുന്നു അദ്ദേഹത്തിന്.
അനൂപ് മേനോനും ഒന്നാം റാങ്കുകാരനാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് അദ്ദേഹം നിയമബിരുദം നേടിയത്. അതുപോലെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദം നേടിയ വ്യക്തിയാണ് സുരേഷ് ഗോപി. മമ്മൂട്ടി എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി കഴിഞ്ഞതാണ്.
ജയറാം കാലടി ശ്രീ ശങ്കര കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. ഇന്ദ്രജിത്ത് തിരുന്നൽവേലി സർദാർ കോളേജിൽ നിന് ബിടെക് പൂർത്തിയാക്കി. തിരുവനന്തപുരം എം ജി കോളേജിൽ നിന്നാണ് മോഹൻലാൽ ബി കോം ബി കോം ബിരുദം നേടിയത്. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് പലരും അന്തംവിട്ട് നിൽക്കാറുണ്ട്. താരം ഓസ്ട്രേലിയയിലെ ടാസ്മാനിയ ഐ ടി യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് നന്ദനത്തിൽ അഭിനയിക്കാൻ എത്തിയത്. സിനിമയിൽ തിരക്കായതോടെ താരം ബിരുദ പഠനം ഉപേക്ഷിച്ചു.

 
                                            