വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെണ്ട്ട്രിക്സൺ കേരളത്തിൽ. കേരളവുമായി വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന സഹകരണത്തിന്റെ ഭാഗമായാണ് അന്നാമജയുടെ നേതൃത്വത്തിൽ ഫിൻലൻഡ് സംഘം കേരളത്തിൽ എത്തിയത്. സംസ്ഥാനത്തിലെ സ്കൂളുകളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിക്കുന്നതിന് സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും അന്ന മജ ഹെണ്ട്ട്രിക് സൺ പ്രതികരിച്ചു. തൈക്കാട് ഗവൺമെന്റ് എൽ പി സ്കൂളും വഴുതക്കാട് കോട്ടൺഹിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ഫിന്നിഷ് സംഘം സന്ദർശിച്ചു.
കേരളം വിദ്യാഭ്യാസത്തിൽ നൽകുന്ന പ്രാധാന്യവും ഇവിടുത്തെ ബോധന സമ്പ്രദായവും അഭിനന്ദനം അർഹിക്കുന്നു. കേരളത്തിൽ സന്ദർശിച്ച സ്കൂൾ ക്ലാസുകൾ എല്ലാം കുട്ടികളുടെ കലാം സൃഷ്ടികളാൽ മനോഹരമാണ്. കുട്ടികളുടെ കലാസൃഷ്ടിയെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുടെ രീതിയും ശ്രദ്ധേയമാണെന്ന് അവർ പറഞ്ഞു.
അധ്യാപക പഠനത്തിൽ എത്തിയിരിക്കുന്ന ബഹുഭൂരിപക്ഷം പേരും വനിതകളാണെന്നത് ഏറെ സന്തോഷകരമാണെന്ന് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിൽ അന്ന മജ പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും ഭാവിയുടെ നിർണായക ഭാഗമാണ് അവിടുത്തെ അധ്യാപകർ. മികച്ച അധ്യാപകനാണ് മികച്ച ഭാവി തലമുറയെ സൃഷ്ടിക്കുന്നത്.
രാവിലെ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രണ്ടുദിവസത്തെ സന്ദർശത്തിനാണ് സംഘം എത്തിയിരിക്കുന്നത്.

 
                                            