ഷൂട്ടിനിടെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചു ; ഷാരൂഖ് ഖാന്‍ ഉടനെ അറ്റ്‌ലിയോട് ചെയ്തതെന്ത്?

ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാന്‍ എത്തുന്നതെന്നാണ് സൂചന. ഇതുവരെ കാണാത്ത ലുക്കിനാണ് ചിത്രത്തില്‍ കിങ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ പ്രിവ്യു വീഡിയോയും ഗാനവുമെല്ലാം ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. താരത്തിന്റെ കന്നി ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഗൗരിഖാനാണ് ജവാന്‍ നിര്‍മ്മിക്കുന്നത്.

സംവിധായകന്‍ ശങ്കറിന്റെ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ അറ്റ്‌ലി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ജവാന്‍. നയന്‍താര, ആര്യ, നസ്രിയ, ജയ്, എന്നിവര്‍ അഭിനയിച്ച രാജാ റാണി എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അറ്റ്‌ലി അതിനു ശേഷം ദളപതി വിജയ്‌ക്കൊപ്പം ചെയ്ത തെരി, മെര്‍സല്‍, ബിഗില്‍ എന്നീ മൂന്ന് ചിത്രങ്ങളും വമ്പന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് അറ്റ്‌ലീ ജവാന്‍ പ്രഖ്യാപിക്കുന്നത്.

വലിയ ഹൈപ്പിനിടയില്‍, സെപ്റ്റംബര്‍ ഏഴിന് തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഷാരൂഖ് ഖാന്‍, വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി, സംഗീതസംവിധായകന്‍ അനിരുദ്ധ് തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രീ-റിലീസ് ഇവന്റിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനിടെ അറ്റ്‌ലി വേദിയില്‍ നടത്തിയ പ്രസംഗവും ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്താണ് അറ്റ്‌ലീ ഭാര്യ പ്രിയ ഗര്‍ഭിണിയാകുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാത്തിരുന്ന് ലഭിക്കുന്ന കണ്മണി ആയതിനാല്‍ ഡോക്ടര്‍ വിശ്രമം പറഞ്ഞിരുന്നു. ഇക്കാര്യം ഷാരൂഖിനെ അറിയിച്ചപ്പോള്‍ ഉണ്ടായ പ്രതികരണത്തെ കുറിച്ചാണ് അറ്റ്‌ലി പറഞ്ഞത്.

ഞാനും പ്രിയയും ജവാന്റെ ജോലികള്‍ക്കായി അമേരിക്കയില്‍ പോയപ്പോഴാണ് പ്രിയ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഗര്‍ഭിണിയാകുന്നത് എന്നതിനാല്‍ മൂന്ന് മാസത്തേക്ക് യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഷാരൂഖ് ഖാനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും താന്‍ കാത്തിരിക്കാമെന്ന് പറയുകയാണുണ്ടായത്.
എന്നാല്‍ ഷൂട്ടിംഗ് നിര്‍ത്തരുത് എന്ന് പ്രിയ പറഞ്ഞു. അവള്‍ സ്വയം നോക്കിക്കോളാമെന്ന് പറഞ്ഞു. സിനിമയുടെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. പ്രിയയുടെ ആ സഹകരണമാണ് എന്റെ വിജയരഹസ്യം’, അറ്റ്ലി വേദിയില്‍ പറഞ്ഞു. അതുപോലെ സിനിമയുടെ വിജയപരാജയത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അറ്റ്ലീ വ്യക്തമാക്കി. തമിഴ് സിനിമയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അറ്റ്ലി പറഞ്ഞു.

അതേസമയം കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. 2014 നവംബറിലാണ് അറ്റ്‌ലിയും പ്രിയയും വിവാഹിതരായത്. ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്ന ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകായായിരുന്നു. നടിയായ പ്രിയ മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *