പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ ഒന്നും സാക്ഷാത്കഴിക്കുന്നില്ല എന്ന് മാത്രമല്ല അനുദിനം ഒന്നിനു മുകളിൽ ഒന്നായി അടപടലം തകർന്നടിയുകയാണ്. പത്തുവർഷം തുടർച്ചയായി കേരള ഭരണം പിടിച്ചെടുത്തതിന്‍റെ ആഘോഷം ഒരുവശത്ത് വളരെ സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. അനുദിനം കേരളം വമ്പൻ കടക്കണി കളിലേക്കും ഭീമമായ ബാധ്യതകളിലേക്കും സഞ്ചരിക്കുന്നതല്ലാതെ കേരളത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരാൻ പിണറായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സ്വപ്ന പദ്ധതികളുടെ നീണ്ട ഒരു പട്ടികയുമായാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. എല്ലാത്തിനും തറക്കല്ലിട്ട് വച്ചു എന്നത് മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ അടവല്ലേ എന്ന് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. സിൽവർ ലൈൻ അതിവേഗ പദ്ധതിയിൽ നിന്നുള്ള താൽക്കാലികമായ പിന്മാറ്റം, കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ തുടങ്ങും എന്ന വാഗ്ദാനം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ ഏറ്റവും അധികം വാഗ്ദാനങ്ങൾ നൽകിയത് സിൽവർ ലൈനും വിഴിഞ്ഞം തുറമുഖ പദ്ധതിയും ആയിരുന്നു. രണ്ടും നടപ്പായില്ല എന്ന് മാത്രമല്ല കൂടുതൽ ദുർഘടം ആയിത്തീരുകയാണ് ചെയ്തത് ആദ്യത്തേത് 64000 കോടി രൂപയുടെ പദ്ധതിയാണെങ്കിൽ രണ്ടാമത്തേതിന് ചെലവ് 7700 കോടി രൂപയാണ്. മറ്റൊരു സ്വപ്ന പദ്ധതി 6000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന വെസ്റ്റ് കോസ്റ്റ് ജലപാതയാണ്. 3 ഘട്ടങ്ങളിൽ ആയി 616 കിലോമീറ്റർ ദൂരത്തിലാണ് ജലപാത വരേണ്ടത് ഇതിൽ 238 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം പൂർത്തീകരിക്കാനും സർക്കാരിന്റെ അവസാന വർഷത്തിൽ മൂന്നാംഘട്ടം തീർക്കാനും ആണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ ആദ്യഘട്ടം തന്നെ ഇഴഞ്ഞു നീങ്ങുകയാണ്. 1168 കോടി രൂപ മുതൽമുടക്കുള്ള പദ്ധതിയുടെ കേബിൾ സ്ഥാപിക്കൽ പൂർത്തിയായെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ ജില്ലയിൽ പ്രഖ്യാപിച്ച അഴീക്കൽ തുറമുഖം പദ്ധതി ആകെ ഡി പി ആർ ഘട്ടത്തിലാണ് എത്തിയിട്ടുള്ളത്. കൊച്ചി ബംഗളൂർ വ്യവസായ ഇടനാഴിക്കായി കൊച്ചിയിൽ ഭൂമി ഏറ്റെടുക്കൽ ഇപ്പോഴും നടന്നുവരികയാണ്.പക്ഷേ അവിടെയും ഭൂവുടമകൾ പണം ഇതുവരെയും കൈമാറിയിട്ടില്ല. അതുപോലെതന്നെ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വായ്പ ഏജൻസി പിന്മാറിയത് അവിടെയും സർക്കാരിന് തിരിച്ചടിയായി . കിൻഫ്രയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രഖ്യാപിച്ച പെട്രോൾ കെമിക്കൽ പാർക്കിനായി സ്ഥലം എടുത്തെങ്കിലും പദ്ധതിക്ക് വേഗം കുറവാണെന്ന വിമർശനം ഇവിടെയും സർക്കാരിനെതിരെ നിലനിൽക്കുന്നു. ഇതിനെല്ലാം പുറമെയാണ് വഴിപാടായി മാത്രം നടത്തിക്കൊണ്ടുപോകുന്ന സ്മാർട്ട് സിറ്റി പദ്ധതി. കേരള സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്മെന്റ്സും സംയുക്തമായി കൊച്ചിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഉദ്യമമാണ് സ്മാർട്ട് സിറ്റി.

ഇരുവരും രൂപപ്പെടുത്തിയ സ്മാർട്ട് സിറ്റി കൊച്ചി ഇൻഫ്ര സ്ട്രൈക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതിയുടെ ചുമതല. സർക്കാരിന്റെ ഓഹരി പങ്കാളിത്തം 16 ശതമാനമാണ് ഈ പദ്ധതിയിൽ ഉള്ളത്. മുതൽമുടക്കിന്റെ ബാക്കി 84% ആണ് ടീകോം നൽകുക. കൊച്ചി സ്മാർട്ട്സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 8.8 ദശലക്ഷം ചതുശ്ര മീറ്ററാണ് ഇതിലെ 60% ഭാഗത്തും ഐടി, ഐടി അനുബന്ധസ്ഥാപനങ്ങൾ ആക്കണം എന്നതാണ് ഈ പദ്ധതിയിൽ പറയുന്നത്. 2007 നവംബർ 15ന് ടീകോം കമ്പനിയുമായി പാട്ട കരാറിൽ സർക്കാർ ഒപ്പു വച്ചിരുന്നു. 2007 നവംബർ 16ന് ഈ പദ്ധതിയുടെ തറക്കല്ലിട്ടു.പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം വരെ 2016 ഫെബ്രുവരി 20ന് കൊച്ചിയിൽ നടന്നു.
15 വർഷങ്ങൾക്ക് ഇപ്പുറവും ഈ പദ്ധതി വെറും പാഴ് വാക്കായി തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക് 88 ലക്ഷം ചതുരശ്ര അടി കെട്ടിടം, 90,000 പേർക്ക് തൊഴിൽ, ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പ്, കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ തന്നെ പരിവർത്തനം കൊണ്ടുവരുന്ന പദ്ധതി. വെറ്റിലയിൽ മഷിയിട്ടു നോക്കിയാൽ പോലും ഈ പദ്ധതിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാനില്ല. ഇതുവരെ പൂർത്തിയായത് കാക്കനാട് ഇടച്ചിറയിലെ 246 ഏക്കറിൽ പൂർത്തിയായ ആറരലക്ഷം ചതുരശ്ര അടിയുള്ള ഒരു കെട്ടിടം മാത്രമാണ്. തൊഴിൽ ലഭിച്ചതോ വെറും 3000ത്തിൽ താഴെ ആളുകൾക്ക് മാത്രം ഒരു വൻകിട സോഫ്റ്റ്‌വെയർ കമ്പനി പോലും ഇവിടെയില്ല,എല്ലാം ചെറിയ ഐടി സേവനം നൽകുന്ന കമ്പനികൾ മാത്രം.സ്കൂൾ ഒഴികെ മറ്റു നിർമ്മാണശാലകൾ ഒന്നും തന്നെ പൂർത്തിയായിട്ടില്ല. ലോകോത്തര നിലവാരമുള്ള കമ്പനികളെ കൊണ്ടുവരും, വൻകിട ഹോട്ടലുകൾ, വാണിജ്യ ഭവന സമുച്ചയങ്ങൾ,വിനോദോപാധികൾ. ഒന്നും നടപ്പായില്ല എന്ന് മാത്രമല്ല ഇതിനെല്ലാം പിന്തുണയുമായി നിന്ന പല കമ്പനികളും പിന്മാറുകയും ചെയ്തു.
61 ദശലക്ഷം ചതുര അടി ഐടി കെട്ടിടങ്ങൾ സ്വകാര്യസംരംഭകർ നിർമ്മിക്കും എന്ന വാഗ്ദാനവും വെറുതെയായി. അതോടൊപ്പം വിദേശങ്ങളിലെ ഐടി വിദഗ്ധന്മാരായ മലയാളികൾക്കുൾപ്പടെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയും അസ്ഥാനത്തു തന്നെയാണ്.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും നൽകാൻ കൊച്ചിയിലെ സ്മാർട്ട് സിറ്റി അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.ദുബായ് ഹോൾഡിങ്സിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ആണ് പദ്ധതിക്ക് തടസ്സം നേരിടാൻ ഉള്ള കാരണമായി സർക്കാർ പറയുന്ന വിശദീകരണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഒന്നുമില്ല. കേരളത്തിൽ ഐടി രംഗം വളരുമ്പോൾ സ്മാർട്ട്സിറ്റിയിലേക്ക് വൻകിട ഐടി കമ്പനികളെയും സംരംഭകരെയും എത്തിക്കാൻ കഴിയാത്തത് ദുബായ് ഹോൾഡിങ്സിന്റെ മാനേജ്മെന്റ് വൈഭവക്കുറവ് മൂലമാണെന്നും പരക്കെ ആക്ഷേപം നിലനിൽക്കുകയാണ്.
