ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂരില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റിനായി ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ലാറ്റില്‍ എത്തിയപ്പോഴാണ് പ്രവീണ്‍ റാണ രക്ഷപ്പെട്ടതായി മനസ്സിലായത്. പോലീസ് മുകളിലേക്ക് കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേക്കിറങ്ങി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറില്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് പുറപ്പെട്ട ഇയാളുടെ വാഹനം ചാലക്കുടിയില്‍ എത്തിയെങ്കിലും ഇയാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ അങ്കമാലിയില്‍ ഇറങ്ങിയെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രവീണ്‍ റാണയോടൊപ്പം ലിഫ്റ്റില്‍ രക്ഷപ്പെട്ടവരില്‍ ഇയാളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നതായി സൂചനകള്‍ ലഭിക്കുന്നു.
പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ള പ്രവീണ്‍ റാണ ഇവിടങ്ങളിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് കണക്കിലെടുതിട്ടുണ്ട്.
സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജര്‍ ഡയറക്ടരും ആയിരുന്നു കെ പി പ്രവീണ്‍ എന്ന പ്രവീണ്‍ റാണ. ഒരു ലക്ഷം മുതല്‍ ഇരുപതു ലക്ഷം വരെയെന്ന തോതിലാണ് ഇയാള്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ചത്. ഏകദേശം 100 കോടി രൂപയോളം നിക്ഷേപകരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തുവെന്ന് പോലീസ് സംശയിക്കുന്നു.ഏഴ് വര്‍ഷം മുമ്പ് കമ്പനി തുടങ്ങിയ പ്രവീണ്‍ 48% വരെ പലിശ വാഗ്ദാനം ചെയ്തതോടെയായിരുന്നു കോടികള്‍ നിക്ഷേപമായി ഒഴുകാന്‍ തുടങ്ങിയത്. എന്നാല്‍ പലിശ പോയിട്ട് മുതല്‍ പോലും തിരികെ ലഭിക്കാതായതോടെയാണ് നിക്ഷേപകര്‍ നിയമനടപടികളിലേക്കു നീങ്ങി. പ്രവീണ്‍ റാണയുടെ പേരില്‍ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സിനിമ, പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തി കൂടിയാണ് പ്രവീണ്‍ റാണ. റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്‌ഐ ആയ സാന്റോ തട്ടിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും കബളിപ്പിച്ചുകൊണ്ട് റോയല്‍ പീപ്പിള്‍സ് പാര്‍ട്ടിഎന്ന കക്ഷി രൂപീകരിച്ച റാണ അതിന്റെ ചെയര്‍മാനായി സ്വയം അവരോധിക്കുകയും ചെയ്തിരുന്നു.
റാണയുടെ പേരിലുള്ള അനധികൃത ഇടപാടുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ഇയാള്‍ രാജ്യം വിടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് ഒരുങ്ങുകയാണ്.

 
                                            