തിരുവനന്തപുരം : ഫോണ്‍ ചോര്‍ത്തല്‍, പൂരംകലക്കല്‍, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. അഞ്ച് ആഴ്ചത്തെ വിവാദങ്ങള്‍ക്ക് ശേഷം അജിത് കുമാറിന്റെ കാര്യത്തിലുണ്ടായത് കേവലം ഭരണപരമായ അഡ്ജസ്റ്റ്മെന്റ് മാത്രമാണ്. നാല് വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി പിണറായി വിജയന് മാതൃകയായെന്നും അജിത്കുമാറിനെ സ്ഥലം മാറ്റിയതിനെ വി.മുരളീധരന് പരിഹസിച്ചു.
പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിനെ രണ്ടര വര്‍ഷം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് നിര്‍ത്തിയ അതേ പിണറായി വിജയനാണ് അജിത് കുമാറിന്റെ യൂണിഫോം സംരക്ഷിക്കുന്നത്. പിണറായി വിജയനും കൂട്ടരും പ്രഹസനം അവസാനിപ്പിക്കണമെന്നും പൊതുജനം കഴുതയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാത്രി എം.എന്‍ സ്മാരകത്തില്‍ വന്ന് കാത്തിരുന്ന ബിനോയ് വിശ്വം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാതൃകയെന്ന് പിണറായിയെ പാടിപ്പുകഴ്ത്തി. നിയമസഭയില്‍ വി.ഡി സതീശനും നാളെ നിങ്ങള്‍ക്ക് കയ്യടിച്ചേക്കും. എന്നാല്‍ പിണറായി വിജയന്റെ മടിയില്‍ നല്ല കനമുണ്ടെന്ന് ഇതോടെ വ്യക്തമായെന്ന് വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
