ഓണ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ശര്‍ക്കര വരട്ടി. എന്നാല്‍ പലര്‍ക്കും അത് എങ്ങിനെ ശരിയായ രീതിയില്‍ ഉണ്ടാക്കിയെടുക്കണം എന്നതിനെപ്പറ്റി ധാരണ ഉണ്ടാകില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രുചികരമായ ശര്‍ക്കര വരട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ശര്‍ക്കര വരട്ടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകള്‍ നേന്ത്രക്കായ, ശര്‍ക്കരപ്പാനി, വെളിച്ചെണ്ണ, ഏലക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത്, ജീരകം പൊടിച്ചത് ഇത്രയും സാധനങ്ങളാണ്.
ആദ്യം തന്നെ നേന്ത്രക്കായ തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ചെടുക്കണം. ഈയൊരു സമയത്ത് കൈയില്‍ എണ്ണ തേച്ച ശേഷം കായ കഷ്ണങ്ങളാക്കി മുറിക്കുകയാണെങ്കില്‍ കയ്യില്‍ കറ പിടിക്കാതെ ചെയ്യാനായി സാധിക്കും. തൊലി കളഞ്ഞ കായ മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ ഇട്ടു വയ്ക്കണം. അതിനു ശേഷം അത്യാവശ്യം കട്ടിയില്‍ ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. മുറിച്ച് മാറ്റിവെച്ച കഷണങ്ങള്‍ വറുത്തെടുക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്‌ബോള്‍ മുറിച്ചു വെച്ച കഷണങ്ങള്‍ അതിലേക്ക് ഇട്ട് 35 മുതല്‍ 40 മിനിറ്റ് സമയം വരെ സമയമെടുത്ത് വറുത്തെടുക്കണം. ശേഷം മധുരത്തിന് ആവശ്യമായ ശര്‍ക്കരപ്പാനി തയ്യാറാക്കുക. ശര്‍ക്കരപ്പാനി നന്നായി തിളച്ചു കുറുകി വരുമ്‌ബോള്‍ അതിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേര്‍ത്തു കൊടുക്കുക.
ചൂടോടുകൂടി തന്നെ വറുത്തുവെച്ച കായ കഷണങ്ങള്‍ കൂടി ശര്‍ക്കര പാനിയിലേക്ക് ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിനുശേഷം പഞ്ചസാര പൊടിച്ചത് കൂടി ചേര്‍ത്ത് കുറച്ചുനേരം സെറ്റ് ആകാനായി മാറ്റിവയ്ക്കാം. ഇപ്പോള്‍ നല്ല രുചികരമായ ശര്‍ക്കര വരട്ടി തയ്യാറായി കഴിഞ്ഞു.

 
                                            