സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; ‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അബിൻ കോടങ്കരയാണ് അറസ്റ്റിലായത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് അബിൻ.

എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സിപിഎം യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ ബിജു തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാർ എന്നിവർ നൽകിയ പരാതിയിലാണ് സിറ്റി സൈബർ പോലീസ് അബിനെ അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിൽ എന്നുള്ള തങ്ങളുടെ ചിത്രങ്ങൾ മോർഫു ചെയ്ത് ‘കോട്ടയം കുഞ്ഞച്ചൻ’ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്. സൈബർ പോലീസിന്റെ അന്വേഷണത്തിൽ ഈ പ്രൊഫൈലിനു പിന്നിൽ അബിനാണെന്ന് കണ്ടെത്തി. സിപിഎമ്മിന്റെ വനിതാ നേതാക്കൾക്കെതിരെയും ഈ പ്രൊഫൈലിൽ നിന്നും പ്രചാരണം ഉണ്ടായിരുന്നു.

പോലീസിൽ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാൾ അശ്ലീല പോസ്റ്റുകൾ ഇടുന്നത് തുടരുകയായിരുന്നു. പോലീസ് ഇടപെട്ട് പേജിന്റെ പ്രവർത്തനം നിർത്തലാക്കുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.

പാറശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *