സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എം എൽ എ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് പാർട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നടി നൽകിയ ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കി പൊലീസ് കുറ്റപത്രം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളന വേദിയിൽ എത്തേണ്ടതെന്ന നിർദേശം സി പി എം സ്ഥലം എം എൽ എയ്ക്ക് നൽകിയത്.പരിപാടികളിൽ മുകേഷിനെ പങ്കെടുപ്പിക്കേണ്ടെന്നും പോസ്റ്ററുകൾ പടം വെക്കേണ്ടതില്ലെന്നും പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു. സാധാരണ ഗതിയിൽ പാർട്ടി സമ്മേളനം നടക്കുമ്പോൾ ജില്ലയിൽ നിന്നുള്ള എം എൽ എമാരെല്ലാം വേദിയിലോ സദസ്സിലോ ഉണ്ടാകാറുള്ളതാണ്. എന്നാൽ കൊല്ലത്ത് സമ്മേളനം നടക്കുമ്പോൾ മുകേഷ് ജില്ലയിലില്ല. അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ ആണെന്നാണ് സൂചന. ലൈംഗിക ആരോപണ കേസ് വന്നപ്പോൾ മുകേഷിന്റെ രാജിക്കായി സമ്മർദ്ദം ഉയർന്ന് വന്നപ്പോൾ പാർട്ടി അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു ചെയ്തത്.പരാതിക്കാരി ആരോപിക്കുന്ന കുറ്റങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞത്. ഡിജിറ്റിൽ തെളിവ് ഉൾപ്പെടേയുള്ളവ എം എൽ എക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്നാണ് പൊലീസ് വാദം. വാട്സാപ്പ് ചാറ്റ്, ഇ-മെയിൽ സന്ദേശം എന്നിവയ്ക്ക് പുറമെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
എറണാകുളം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് എം എൽ എക്കെതിരായ പീഡന പരാതിയിലെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. താരസംഘടനയായ അമ്മയിലെ അംഗത്വം വാഗ്ധാനം ചെയ്ത് പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിക്കുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. കേസിൽ നേരത്തെ നടന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, സി പി എം സംസ്ഥാന സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പോരാട്ടങ്ങളിലൂടെയും ഐതിഹാസികമായ സമരത്തിലൂടെയുമാണ് കേരളത്തിൽ പാർട്ടി വളർന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പാർട്ടി നയം നടപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരള ഘടകമാണ്. സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മരണം പാർട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ്. സി പി എം കേരള ഘടകം രാജ്യത്തെ തന്നെ കരുത്തുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

 
                                            