2024 മുതൽ 2026 വരെ, മൂന്ന് തെരഞ്ഞെടുപ്പുകളെയാണ് കേരളം അഭിമുഖീകരിക്കേണ്ടത്.. അതിൽ ആദ്യത്തേത് ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു.. അത് 2024ൽ നടപ്പിലായി.. ശേഷം 2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2026 നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.. ഈ സാഹചര്യത്തിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് നിരവധി ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.. മൂന്നാം തവണയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന സിപിഎമ്മിനെ സംബന്ധിച്ച് ഒരുപാട് മിനുക്ക് പണികളും ആവശ്യമായിരുന്നു.. നിലവിലുള്ള എല്ലാ വെല്ലുവിളികളെയും മാറ്റിക്കൊണ്ട് സ്വയം വിമർശിച്ചുകൊണ്ട് പാർട്ടിക്ക് പൊതുമുഖം നൽകുക തന്നെയാണ് എക്കാലത്തെയും സിപിഎം സമ്മേളനങ്ങളുടെയും ലക്ഷ്യം.. ഇത്തവണയും സ്വയം സ്ഫുടം ചെയ്ത് മാറ്റത്തിന് തയ്യാറെടുത്ത സിപിഎമ്മിനെ പക്ഷേ ചുവട് പിഴച്ചു.. സമ്മേളനത്തിനുശേഷം വലിയ വിമർശനങ്ങളാണ് പാർട്ടിയുടെ പല കോണുകളിൽ നിന്നും ഉയർന്നു വരുന്നത്.. ചിലരെ തഴഞ്ഞതും ചിലരെ ഉൾപ്പെടുത്തിയതും പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്..
എ.പദ്മകുമാർ, പി. ജയരാജൻ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരെ തഴഞ്ഞതിൽ അമർഷം ഉയരുന്നതിനിടെ ചർച്ചയായി മാറിയിരിക്കുകയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എൻ. സുകന്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിൽ പ്രൊഫൈൽചിത്രം മാറ്റിയതിനൊപ്പം എൻ. സുകന്യ പങ്കുവെച്ച കുറിപ്പാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ഓരോ അനീതിയിലും നിങ്ങൾ കോപത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ സഖാവാണ്- ചെഗുവേര’ എന്നാണ് സുകന്യ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ്. സി.പി.എം സംസ്ഥാന സമ്മേളനം പൂർത്തിയായി, സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെയായിരുന്നു സുകന്യയുടെ പോസ്റ്റ്. ഇതിനു പിന്നാലെ തൃശ്ശൂരിലെ മുതിർന്ന നേതാവ് യു.പി. ജോസഫിനൊപ്പമുള്ള ചിത്രവും സുകന്യ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ജോസഫിന് ജന്മദിനാശംസ നേർന്നുകൊണ്ടായിരുന്നു പോസ്റ്റ്.
കണ്ണൂരിൽനിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന നേതാവായിരുന്നു എൻ.സുകന്യ. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ എൻ. സുകന്യയെ കണ്ണൂരിലെ വനിതാ പ്രാതിനിധ്യമെന്നനിലയിൽ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, ജോൺ ബ്രിട്ടാസ്, വി.കെ.സനോജ്, ബിജു കണ്ടക്കൈ, എം.പ്രകാശൻ എന്നിവരാണ് കണ്ണൂരിൽനിന്ന് പുതുതായി സി.പി.എം. സംസ്ഥാന സമിതിയിലെത്തിയത്. തൃശ്ശൂരിൽനിന്ന് സംസ്ഥാന സമിതിയിലേയ്ക്ക് എത്തിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു യു.പി. ജോസഫും. എന്നാൽ, മന്ത്രി ആർ. ബിന്ദുവിനെയാണ് തൃശ്ശൂരിൽനിന്ന് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്. അതേസമയം, തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് മറ്റുവ്യാഖ്യാനങ്ങളൊന്നും ഇല്ലെന്നായിരുന്നു എൻ.സുകന്യയുടെ പ്രതികരണം. ചിത്രത്തിനൊപ്പം ചെഗുവേരയുടെ വാക്കുകളും എഴുതിയന്നേയുള്ളൂവെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, പി. ജയരാജനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ ജെയിൻ രാജ് വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും ചർച്ചയായി. സി.പി.എം. നേതാവ് എം.സ്വരാജ് 2019-ൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്ന പോസ്റ്റാണ് ജെയിൻ രാജ് തന്റെ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയത്. എം. സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടായിരുന്നു ജെയിൻ രാജ് വാട്‌സാപ്പ് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തത്.
സി.പി.എം. സംസ്ഥാന സമിതിയിൽനിന്ന് തഴഞ്ഞതിനെതിരേ പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ.പദ്മകുമാർ പരസ്യമായി രംഗത്തെത്തിയിരുന്നു. മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നതിലും സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങളുയരുന്നുണ്ട്. ഇതിനെല്ലാമുപരി വിഎസ് അച്യുതാനന്ദൻ എന്ന തലമുതിർന്ന നേതാവിനെ ഒഴിവാക്കിയതും വലിയ ചർച്ചകളിലേക്ക് വഴി വയ്ക്കുന്നുണ്ട്..
