മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബി.വിവാദത്തിന് പിന്നില്‍ കേന്ദ്ര ഗൂഢാലോചന ആരോപിച്ചാണ് ബേബി രംഗത്തുവന്നിരിക്കുന്നത്.
ആര്‍എസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജന്‍സികള്‍ ടാര്‍ജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും എം.എ ബേബി കുറ്റപ്പെടുത്തി.
ബിനീഷ് കോടിയേരിയുടെയും വീണ വിജയന്റെയും വ്യത്യസ്ത സാഹചര്യങ്ങളിളുള്ള സംഭവങ്ങളാണ്. ബിനീഷിനെതിരെയുള്ള കേസിന്റെ കാര്യങ്ങള്‍ കോടതി തന്നെ പറഞ്ഞിട്ടുണ്ട്. വീണ വിജയന്‍ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുടെ മകളാണ്. അത് കൊണ്ടാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞതായും എം.എ ബേബി പറഞ്ഞു.അപഹാസ്യമായ ആക്ഷേപമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത്. വീണയ്‌ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണ്. അതാത് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പാര്‍ട്ടി ഓരോ വിഷയങ്ങളിലും പ്രതികരിക്കുകയെന്നും എം.എ ബേബി പറഞ്ഞു. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്ത്രി മുഹമ്മദ് റിയാസ് ഈ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. വിവാദവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് ഒരേ മറുപടിയായിരുന്നു മന്ത്രി ആവര്‍ത്തിച്ചത്..സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും എത്ര ആവര്‍ത്തിച്ച് ചോദിച്ചാലും ഇത് തന്നെയാണ് പറയാനുള്ളതെന്നും എത്ര ആവര്‍ത്തിച്ച് ചോദിച്ചാലും ഇത് തന്നെയാണ് മറുപടിയെന്ന് പറഞ്ഞായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും മന്ത്രി തടിതപ്പിയത്. മാസപ്പടി വിവാദത്തില്‍ ദൃശ്യമാദ്ധ്യമ ചര്‍ച്ചകളുടെ പ്രൊമോ കൊടുക്കുമ്പോള്‍ തന്റെ ചിരിക്കുന്ന മുഖമാണ് നല്‍കുന്നതെന്നും പേടിച്ച മുഖം നല്‍കാന്‍ പോസ് ചെയ്ത ഫോട്ടോ നല്‍കാമെന്നും മന്ത്രി പറഞ്ഞു.സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാദ്ധ്യമപ്രവര്‍ത്തകരാണെന്നും ഉടമകളുടെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് മനഃസാക്ഷിക്ക് അനുസരിച്ചുള്ള വാര്‍ത്ത നല്‍കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നുമായിരുന്നു ഭാര്യയുള്‍പ്പെട്ടെ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. മാദ്ധ്യമങ്ങളിലെ അന്തിചര്‍ച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും റിയാസ് അഭിപ്രായപ്പെട്ടു..2016 മുതല്‍ 2021 വരെയുള്ള അന്തിചര്‍ച്ചകള്‍ കേട്ട് വിശ്വസിച്ച് മലയാളികള്‍ പോളിങ് ബൂത്തില്‍ പോയിരുന്നെങ്കില്‍ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പ് ഫലം യഥാര്‍ഥത്തില്‍ രാഷ്ട്രീയ താത്പര്യം കാത്തുസംരക്ഷിക്കുന്ന മാധ്യമ ഉടമകള്‍ക്കേറ്റ കനത്തപ്രഹരം കൂടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 
                                            