സോളാര്‍ ലൈംഗിക പീഡനകേസില്‍ പരാതിക്കാരിക്കാരിയുടെ കത്ത് പുറത്ത് വന്നതില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
കോണ്‍ഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വരുമെന്നതിനാലാണ് സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. എന്നാല്‍, ഇക്കാര്യം ഉമ്മന്‍ചാണ്ടി അറിഞ്ഞിരുന്നില്ലെന്നും അറസ്റ്റ് അദ്ഭുതപ്പെടുത്തിയെന്നുമാണ് കെ.സി ജോസഫ് വാര്‍ത്തസമ്മേളനം നടത്തി പറഞ്ഞത്. ഇത്തരത്തില്‍ വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകളാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വരുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
സോളാര്‍ കേസില്‍ സി.പി.എം കക്ഷിയല്ല. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട സോളാര്‍ വിവാദത്തില്‍ അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉള്‍പ്പടെ എല്ലാ കാര്യവും ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. പിണറായി വിജയന്റെ അനുവാദപ്രകാരമാണ് കത്ത് പുറത്ത് വിട്ടതെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം എം.വി ഗോവിന്ദന്‍ നിഷേധിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിക്കുന്നത്. കത്ത് പുറത്ത് വരേണ്ടത് ആരുടെ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. കത്ത് പുറത്ത് വന്നാലും വന്നില്ലെങ്കിലും സി.പി.എമ്മിന് ഗുണമാണ്.സോളാര്‍ കേസില്‍ സി.പി.എം ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടു. അതിന്റെ ഭാഗമായാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതോടു കൂടി സി.പി.എമ്മിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നുവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
അതെ സമയം എ ഗ്രൂപ്പ് നേതാക്കളില്‍ പലര്‍ക്കും സോളാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചതില്‍ കടുത്ത അതൃപ്തിയുണ്ട്.ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ മോശം പ്രചരണം നടത്താന്‍ സോളാര്‍ ചര്‍ച്ചകള്‍ വഴിവെച്ചു എന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം.എന്തായാലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
