സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ 37.50 ലക്ഷം രൂപ റൊക്കം പണമായി നൽകി. ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്കരണം നടത്തുകയായിരുന്നുവത്രേ. യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോൾ ഒരു ലക്ഷം തീരെ അപര്യാപ്തമാണ്. ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു. ഇങ്ങനെയാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഖാക്കന്മാരെ ആക്ഷേപിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ് ജയശങ്കറിന്റെ ഈ പോസ്റ്റ് വലിയ രീതിയിലാണ് പൊതു ജനം ഏറ്റെടുത്തത്. അതേസമയം തനിക്കെതിരെ വരുന്ന ഈ ആരോപണങ്ങൾക്ക് ചിന്താ ജെറോം മറുപടി നൽകിയിട്ടുണ്ട്. ഇത്തരം വാർത്തകൾ എല്ലാം മാധ്യമങ്ങൾ പടച്ചുവിടുന്നതാണെന്നും 37 ലക്ഷം ഒന്നും തനിക്ക് ആരും അനുവദിച്ചിട്ടില്ല എന്നും ചിന്ത ജെറോം പറയുന്നു. ശമ്പള കുടിച്ചി 37 ലക്ഷം കിട്ടി എന്ന വാർത്ത പച്ചക്കള്ളമാണ്. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾക്ക് ഇങ്ങനെ ഒരു വിവരം എവിടെ നിന്ന് ലഭിച്ചു. ഇതിന് വല്ല തെളിവും ഉണ്ടെങ്കിൽ അത് എനിക്കും കൂടി കൈമാറണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു. കുടിശ്ശിക ആവശ്യപ്പെട്ടത് ഞാനല്ല. കമ്മീഷൻ സെക്രട്ടറിയാണ് അതിന് അപേക്ഷ നൽകിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുൻ അധ്യക്ഷൻ ആർ വി രാജേഷ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ചിന്ത ജറോം തിരിച്ചടിച്ചു. ജെ ആർ എഫ് ഫെലോഷിപ്പു പോലും വേണ്ടെന്നു വച്ചാണ് യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നിങ്ങൾ ഈ പറയുന്ന 37 ലക്ഷം രൂപ എനിക്ക് കിട്ടിയിരുന്നെങ്കിൽ അത് ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നും പാർട്ടി പ്രവർത്തകയെന്ന നിലയിൽ അതാണ് ഞങ്ങളുടെ ശീലം എന്നും ചിന്ത ജെറോം പറയുന്നു. മുൻപ് യുവജന കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ച വ്യക്തി കോടതിയിൽ ഒരു കേസിന് പോയിരുന്നു എന്നാണ് അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന് ശമ്പള കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ട് കേസിനു പോയിരുന്നു. അദ്ദേഹത്തിന്റെ ശമ്പള കുടിശ്ശിക കൊടുക്കണം എന്നാണ് കോടതിയുടെ ഉത്തരവുള്ളത്. അല്ലാതെ യുവജന കമ്മീഷൻ, ചെയർപേഴ്സൺ അംഗീകരിച്ചു എന്ന് തുകയല്ലാതെ ഒരു രൂപ പോലും അധികമായി നാളിതുവരെ താൻ കൈപ്പറ്റിയിട്ടില്ല എന്നും ചിന്ത ജെറോം വ്യക്തമാക്കി.
