റിയൽമി ഫോണിനെതിരെ കേന്ദ്ര അന്വേഷണം

ഇന്ത്യയിലെ ജനപ്രീയ സ്മാര്‍ട്‌ഫോണുകളില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് Realme. അടുത്തിടെ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡറുമായി എത്തിയിരുന്നു.
ഇതിന് പിന്നാലെ ഈ മാസം പുറത്തിറങ്ങിയ Realme 11 Pro, Realme 11 Pro+ ഫോണുകള്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ച വില്‍പ്പനയില്‍ റെക്കോഡ് നേട്ടവും കൈവരിച്ചു. 100MP, 200MPയുമായി വന്ന ക്യാമറ ഫോണുകള്‍ ആദ്യവില്‍പ്പനയില്‍ തന്നെ 6000 യൂണിറ്റുകള്‍ വിറ്റഴിച്ചു.

എന്നാല്‍ വില്‍പ്പനയില്‍ വലിയ നേട്ടം കൊയ്ത് മുന്നേറുന്ന Realmeയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്.

എല്ലാ സ്മാര്‍ട്‌ഫോണുകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഡാറ്റ ചോര്‍ത്തുന്നുണ്ട്. എന്നാല്‍,ഇവയെല്ലാം നമ്മള്‍ ആക്‌സസ് കൊടുത്താല്‍ മാത്രമാണ്. റിയല്‍മി ഫോണുകള്‍ സ്വമേധയാ വിവരങ്ങള്‍ കൈക്കലാക്കുന്നുവെന്ന് ആരോപണം വരുന്നതോടെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോണ്‍ വാങ്ങുന്നവര്‍ ആക്‌സസ് നല്‍കാതെ തന്നെ അതെല്ലാം ശേഖരിക്കുന്നു. റിയല്‍മി സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമുകളില്‍ ആശങ്ക ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രാലയവും വിഷയത്തില്‍ അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്നത്.

കോള്‍ ലോഗുകള്‍, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ ചോര്‍ത്തുന്നതായും, ഇതിനായി റിയല്‍മിയില്‍ ‘എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്’ ഫീച്ചര്‍ ഓട്ടോമാറ്റിക്കായി സജ്ജീകരിച്ചിരിക്കുന്നുവെന്നും പറയുന്നുണ്ട്. സംഭവം ട്വിറ്ററിലും മറ്റും വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

എന്നാല്‍ വിഷയത്തില്‍ റിയല്‍മി വിശദീകരണം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നതായും പുതിയ ഇന്റലിജന്റ് സേവന ഫീച്ചറിന് കീഴില്‍ പ്രോസസ്സ് ചെയ്യപ്പെടുന്ന എല്ലാ ഡാറ്റയും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും കമ്ബനി അറിയിച്ചു. നിലവില്‍ ഉയര്‍ന്നുവരുന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്നും, SMS, ഫോണ്‍ കോളുകള്‍, ഷെഡ്യൂളുകള്‍ മുതലായവയില്‍ തങ്ങള്‍ കൈകടത്തുന്നില്ലെന്നും Realme പറഞ്ഞു.

ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ്വെയറില്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍, ഇവ മറ്റാരുമായോ ഫോണിന് പുറത്ത് ഏതെങ്കിലും ക്ലൗഡിലേക്ക് അപ്ലോഡിങ്ങോ ചെയ്യുന്നില്ല. കൂടാതെ, ആരോപിക്കപ്പെടുന്ന ഇന്റലിജന്റ് സേവന ഫീച്ചര്‍ സ്വമേധയാ ഓണാക്കാനും ഓഫാക്കാനും സാധിക്കുന്നതാണെന്നും റിയല്‍മി വ്യക്തമാക്കി.

അതേ സമയം സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയൊരു വൈറസ് രംഗത്തെത്തി എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന ‘ഡാം’ എന്ന മാല്‍വെയറിനെ കുറിച്ച് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്റി -വൈറസ് പ്രോഗ്രാമുകളെയും മറി കടന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതായതിനാല്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകളിലൂടെയോ വിശ്വസനീയമല്ലാത്ത/അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലൂടെയോ, എസ് എം എസ് ഇമെയില്‍ എന്നിവയില്‍ ലഭിക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്ന വഴിയോ നമ്മുടെ ഡിവൈസുകളില്‍ കടന്നുകൂടാം. ഡൗണ്‍ലോഡാകുന്ന ഡാം മാല്‍വെയര്‍ ഡിവൈസില്‍ എത്തികഴിഞ്ഞാല്‍,അവ ഉപകരണത്തിന്റെ സെക്യൂരിറ്റി ചെക്കുകളെ ബൈപാസ് ചെയ്യുന്നു.ആന്റ്വൈറസ് പ്രോഗ്രാമുകളെ തകര്‍ക്കുകയും ഡിവൈസില്‍ റാന്‍സംവെയര്‍ നിക്ഷേപിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *