ബിജെപിയുടെ ചിഹ്നം ‘താമര’യിൽ നിന്നും’ചാക്ക്’ ആക്കണം; പരിഹാസ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി ചിഹ്നത്തെയാണ് അദ്ദേഹം പരിഹാസം നിറഞ്ഞ് വിമർശനം നടത്തിയത്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയെ വിമർശിക്കാതിരിക്കാൻ വി ഡി സതീശനും കെ സുധാകരനും പ്രത്യേക ഗുളിക കഴിക്കുന്നു. കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശനെന്നും മന്ത്രി വിമർശിച്ചു. കൊടകര കേസിൽ കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും റിയാസ് പറഞ്ഞു.

അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കേസില്‍ ഇന്നലെ തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടെങ്കിലും ഇന്ന് ഇക്കാര്യത്തില്‍ ചില നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരുതവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനാകുമോയെന്ന നിയമപ്രശ്‌നമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമോ അതേ കേസ് വീണ്ടും പുനരന്വേഷിക്കുകയാണോ വേണ്ടത് എന്നത് സംബന്ധിച്ചാണ് തീരുമാനമെടുക്കേണ്ടത്. കേസ് വീണ്ടും അന്വേഷിക്കണമെങ്കില്‍ കാതലായ എന്തെങ്കിലും കാരണം ഉണ്ടായിരിക്കണം. ഈ സാഹചര്യത്തില്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *