കര്‍ഷകസമരത്തില്‍ കൈപൊള്ളി ബിജെപി ; പഞ്ചാബില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു

കര്‍ഷകസമരത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി കുത്തക മേഖലകളായി കൈയ്യടക്കിവെച്ചിരുന്ന ഇടങ്ങളിലെല്ലാം നിലംതൊടാതെ തോല്‍വിയറിഞ്ഞ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും.

നഗരമേഖലകളിലും ശക്തികേന്ദ്രമായ മാജാ മേഖലയിലും ബിജെപിയെ ജനങ്ങള്‍ തൂത്തെറിഞ്ഞു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍, പത്താന്‍ക്കോട്, തരണ്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മാജ. മാസങ്ങള്‍ക്ക് മുന്‍പുവരെ ബിജെപി സഖ്യകക്ഷിയായിരുന്ന അകാലിദളിനും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നു.

കര്‍ഷക ബില്ലിനെതിരായ പ്രക്ഷോഭം ശക്തമായതോടെയാണ് അകാലിദള്‍ എന്‍ഡിഎയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നത്. ഇരുപാര്‍ട്ടികള്‍ക്കും എതിരായ വികാരം ഗുണം ചെയ്തത് കോണ്‍ഗ്രസിനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കുമാണ്. ജയിച്ച സ്വതന്ത്രരില്‍ ഏറെയും മത്സരിച്ചത് ട്രാക്ടര്‍ ചിഹ്നത്തില്‍ ആണെന്നതും ശ്രദ്ധേയമാണ്.

എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍ പഞ്ചായത്തുകളിലേക്കുമാണ് വോട്ടെടുപ്പുണ്ടായത്. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ 10 സ്വതന്ത്രര്‍ ജയിച്ച മോഗയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മൊഹാലിയില്‍ കോണ്‍ഗ്രസ് മുന്നിലാണെങ്കിലും ഫലം വന്നിട്ടില്ല. 78 മുനിസിപ്പല്‍ കൗണ്‍സില്‍ – പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. അഞ്ചിടത്ത് അകാലിദളിനാണ് ഭൂരിപക്ഷം ലഭിച്ചത്.

ബിജെപിക്ക് എവിടെയും ഭൂരിപക്ഷമില്ല. 351 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 20 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 18 സ്വതന്ത്രര്‍ ജയിച്ചു. കോണ്‍ഗ്രസിന് 271-ും അകാലിദളിന് 33-ും എഎപിയ്ക്ക് ഒമ്പതും വാര്‍ഡുകള്‍ കിട്ടി. രണ്ടായിരത്തോളം മുനിസിപ്പല്‍ കൗണ്‍സില്‍ – നഗരപഞ്ചായത്ത് വാര്‍ഡുകളില്‍ 375 ഇടത് സ്വതന്ത്രര്‍ ജയിച്ചു. കോണ്‍ഗ്രസ് 1078 വാര്‍ഡിലും അകാലിദള്‍ 251 വാര്‍ഡിലും ജയിച്ചപ്പോള്‍ ബിജെപി 29 വാര്‍ഡില്‍ ഒതുങ്ങി. എഎപിയ്ക്ക് 50 വാര്‍ഡുണ്ട്.

എന്‍ഡിഎ ശക്തികേന്ദ്രമായ ഭട്ടിന്‍ഡയില്‍ 1968-ിനുശേഷം ആദ്യമായി കോണ്‍ഗ്രസ് ജയിച്ചു. പത്താന്‍കോട്ടിലും ഹോഷിയാര്‍പുരിലും ബിജെപിക്ക് ഭരണം നഷ്ടമായി. പത്താന്‍കോട്ടില്‍ അമ്പതില്‍ 11 വാര്‍ഡുകള്‍ മാത്രമാണ് ജയിച്ചത്. ഹോഷിയാര്‍പൂരില്‍ ബിജെപി ഒരിടത്തും ജയിച്ചില്ല. ഭട്ടിന്‍ഡ, അബോഹര്‍, കപൂര്‍ത്തല എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല.

പഞ്ചാബ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ ശക്തികേന്ദ്രങ്ങളിലും ഏറ്റ കടുത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായ പത്താന്‍ക്കോട്ട് ഹോഷിയാര്‍പ്പുര്‍, ഫിറോസ്പ്പുര്‍, അമൃത്സര്‍, ഗുര്‍ദാസ്പുര്‍ എന്നിവിടങ്ങളിലും ബിജെപിക്ക് കാലിടറി.

രാകേഷ് ടികായത്ത് കര്‍ഷക സമരത്തില്‍ സജീവ സാന്നിധ്യമായതും ഇദ്ദേഹത്തിനെതിരെ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന പകപോക്കല്‍ നടപടി ഉള്‍പ്പെടെ പഞ്ചാബില്‍ സജീവ ചര്‍ച്ചയായപ്പോള്‍ ബിജെപിക്ക് നിലം തൊടാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *