2012 ലെ സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഉണ്ണി മുകുന്ദൻ. 2011ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകളാണ് താരം നേടിയത്.
തുടർന്ന് ബാങ്കോക്ക് സമ്മർ,തൽസമയം ഒരു പെൺകുട്ടി,എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012 റിലീസ് ആയ മല്ലൂസിംഗ് എന്ന സിനിമയിൽ നായക വേഷം ചെയ്തു. ഈ ചിത്രം സൂപ്പർ ഹിറ്റ് ആവുകയും പ്രേക്ഷകർക്കിടയിൽ വ്യത്യസ്തമായ ഒരു സ്ഥാനം നേടാൻ ഉണ്ണി മുകുന്ദനെ പ്രാപ്തനാക്കുകയും ചെയ്തു. ഈ ചിത്രമാണ് മറ്റു സിനിമകളിൽ ഒരുപിടി നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരം ഒരുക്കിയത്. 2014 ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖറിനൊപ്പം നായക വേഷം ചെയ്തു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നീരൂപക പ്രശംസ നേടി. 2017 റിലീസ് ആയ മാസ്റ്റർ പീസ് എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ അത്രതന്നെ വിജയിച്ചില്ലെങ്കിലും അതിലെ വില്ലൻ വേഷമായ എസിപി ജോൺ തെക്കൻ ഐപിഎസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ വർഷം തന്നെ ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛൻ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്.ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമുകാര്യട്ട് അവാർഡ് ലഭിച്ചിരുന്നു. ജനത ഗ്യാരേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടാണ് തെലുങ്കിലേക്ക് ഉണ്ണി മുകുന്ദൻ ചേക്കേറിയത്. അതുപോലെതന്നെ 2018 റിലീസ് ആയ ഭാഗമതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും താരം വേഷം ചെയ്തു. ഇപ്പോൾ ഏറ്റവും ഒടുവിൽ ആയി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മാളികപ്പുറം. കുറച്ച് ദിവസങ്ങളായി വളരെയധികം വിമർശനങ്ങളാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. എന്നാൽ ഈ വാദ പ്രതിവാദങ്ങൾക്കുള്ള സാധ്യതകൾ കൂടുതൽ തുറന്നിടുകയാണ് മാളികപ്പുറം എന്ന പുതിയ ചിത്രം.

ഉണ്ണി മുകുന്ദനെതിരെ ഉയരുന്ന വാദങ്ങൾക്ക് നെല്ലുംപതിരും നൽകാൻ ആണോ മാളികപ്പുറം ആദ്യം മുതൽ അവസാനം വരെ ശ്രമിച്ചത് എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ചിത്രത്തിന്റെ മേക്കിങ്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം ശബരിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ്. ഗന്ധർവ്വക്ഷേത്രം,ഞാൻ ഗന്ധർവ്വൻ, നന്ദനം,ആമേൻ,പോലുള്ള സിനിമകളിൽ ഉപയോഗിച്ച മാജിക്കൽ റിയലിസത്തിന്‍റെ സാധ്യതകൾ സിനിമ ഭാഗികമായി പലയിടത്തും ഉപയോഗിച്ചതായി കാണാം. എട്ടുവയസ്സുകാരിയുടെ സങ്കല്പങ്ങളിലൂടെയും ജീവിതത്തിലൂടെയും ഈ കഥ വികസിക്കുന്നു.
മിനിസ്ക്രീനിൽ അധികം കാണാത്ത തരത്തിലുള്ള ചിത്രങ്ങളുടെ ഇടയിലേക്കാണ് മാളികപ്പുറം കടന്നു വന്നിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ യാത്രയിൽ പ്രേക്ഷകരെ പൂർണ്ണമായും കൂടെ നിർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. എട്ടുവയസ്സുകാരിയുടെ തോന്നലുകളിലൂടെ വളരെ ലൈറ്റ് ഹാർട്ടഡ് ആയി നീങ്ങുന്ന രണ്ടാം പകുതി, കണ്ടു ശീലിച്ച അതേ രീതിയാണെങ്കിലും ചിലയിടങ്ങളിൽ മറ്റൊരു ശൈലിയിലാണ് കഥ സഞ്ചരിച്ചത്. ചിത്രത്തിന്റെ ആദ്യപകുതി അതി വൈകാരികത കൊണ്ടും യുക്തിരാഹിത്യങ്ങൾ കൊണ്ടും ചിലപ്പോഴെങ്കിലും രാഷ്ട്രീയ അജണ്ടകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ കൊണ്ടും മുഷിപ്പുളവാക്കുന്നതാണ്. ചൂരൽ വടി കൊണ്ട് നടക്കുന്ന, മാർക്ക് കുറഞ്ഞ കുട്ടികളെ തല്ലി മുറിവേൽപ്പിക്കുന്ന അധ്യാപകർ സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ ഒന്നര പതിറ്റാണ്ട് മുൻപങ്കിലും അപ്രത്യക്ഷരാണ്. ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ഏട്ടൻ എന്ന് വിളിക്കുന്ന കുട്ടിയെയും ഈ സ്ക്രീനിൽ കാണാൻ സാധിച്ചു. വൈകാരിക രംഗങ്ങളുടെ ഭാരം ഈ ചിത്രത്തിൽ വളരെയധികം കൂടുതലാണ്. കുട്ടിയിലെ അയ്യപ്പഭക്തി ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച രംഗങ്ങൾ പലപ്പോഴും ഏച്ചുകെട്ടിയത് പോലെ അനുഭവപ്പെട്ടോ എന്ന് സംശയം.

ചിത്രത്തിലെ ചില സംഭാഷണങ്ങളിൽ അടിമുടി കൃത്രിമത്വം നിറഞ്ഞുനിൽക്കുന്നു. പ്രധാന കഥയിലേക്ക് എത്താനുള്ള സാധ്യതയായി സിനിമയിൽ ഉപയോഗിച്ച നാടകീയ രംഗങ്ങൾ പലപ്പോഴും സിനിമയുടെ രസം കെടുത്തി എന്ന് മാത്രമല്ല പ്രേക്ഷകരും സിനിമയും തമ്മിലുള്ള ദൂരം കൂട്ടുകയും ചെയ്തു.
ദേവനന്ദ ശ്രീപത് എന്നീ ബാലതാരങ്ങളാണ് ഉണ്ണി മുകുന്ദന സിനിമയെ മുന്നോട്ട് നയിക്കുന്നത് സംഭാഷണങ്ങളിലെ കൃത്രിമത്വം ഒഴിച്ച് നിർത്തിയാൽ കുട്ടികളുടെ പ്രകടനം കാണാൻ നല്ല കൗതുകമാണ്. സൈജു കുറുപ്പ്,രമേഷ് പിഷാരടി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ,സമ്പത്ത് റാം,ആൽഫി പഞ്ഞിക്കാരൻ,ടിജി രവി, തുടങ്ങിയ മറ്റു താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.പക്ഷേ ഇവർക്കൊന്നും വലിയ രീതിയിൽ യാതൊന്നും തന്നെ സിനിമയിൽ ചെയ്യാനില്ല രഞ്ജിൻ രാജിന്റെ സംഗീതം സിനിമയ്ക്ക് പ്രത്യേക താളം നൽകുന്നു.
സമൂഹമാധ്യമങ്ങളിൽ സംഘി,സംഘി വിരുദ്ധവാദ പ്രതിവാദങ്ങൾ വലിയ രീതിയിൽ നടക്കാറുണ്ട് ഇതിൽ താല്പര്യമുള്ള വലിയൊരു വിഭാഗം ആളുകളും ഉണ്ട് സിനിമകളും പുസ്തകങ്ങളും ഒക്കെയാണ് ഇത്തരം കാര്യങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിക്കാറുള്ളത് അത്തരം ചർച്ചകളെ തിരയുന്നവർക്ക് ഒരുപാട് സാധ്യതകളാണ് മാളികപ്പുറം എന്ന ഈ ചിത്രം നൽകുന്നത് അതിനപ്പുറം രണ്ടാം പകുതിയിലെ കുറച്ചു ഭാഗങ്ങൾ ഒഴിച്ചാൽ ക്രാഫ്റ്റ് ആർട്ട് എന്നിവക്കൊന്നും തന്നെ ചിത്രത്തിൽ വലിയ പ്രാധാന്യം നൽകുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

 
                                            