പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി നടക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് അഴിഞ്ഞു കിടന്നു എന്ന ദുരൂഹതയുളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.ആരോ മനപ്പൂര്‍വ്വം വീല്‍നട്ട് ഊരിയെന്നാണ് കോണ്‍ഗ്രസ് സംശയം.
ഇന്നലെ വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴാണ് വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസുമായുള്ള പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴാണ് സംഭവം. ചാണ്ടി ഉമ്മന്‍ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ വാഹനത്തിന് സമീപം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നത് കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോള്‍ശബ്ദം കേട്ടു. ഉടന തന്നെ ഹരികൃഷ്ണന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിര്‍ത്തിച്ചു. വാഹനത്തിന്റെ പിന്നില്‍ ഇടതുവശത്തെ ടയറിന്റെ അഞ്ചില്‍ നാല് നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി നട്ടുകള്‍ മുറുക്കിയാണ് യാത്ര തുടര്‍ന്നത്.
സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ‘വലിയൊരു അപകടസാദ്ധ്യതയുണ്ട്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടത്. ദുരൂഹതകള്‍ ഒരുപാടുണ്ട്. സത്യം പുറത്തുവരണം. ‘- തിരുവഞ്ചൂര്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ പ്രചരണം പൊടിപൊടിക്കുകയാണ്. ഒന്നാം ഘട്ട പ്രചരണം അവസാന തലത്തിലേക്ക് എത്തി. അതിനിടെയാണ് വീല്‍ നട്ട് വിവാദം. മുദായിക നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും നേരില്‍ക്കണ്ട് ജെയ്ക്ക് സി.തോമസ് വോട്ട് ചോദിക്കുന്നു. അപ്പായുടെ അടുപ്പക്കാരെ വീട്ടിലെത്തി സന്ദര്‍ശിച്ചും വിവാഹച്ചടങ്ങുകളില്‍ സാന്നിദ്ധ്യമായും ചാണ്ടി ഉമ്മനും നിറയുന്നു. ഞായറാഴ്ചത്തെ അവധി ദിനവും പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഭിന്നമാണ് ഇപ്പോള്‍ പുതുപ്പള്ളിയിലെ സ്ഥിതിഗതികള്‍. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തന്നെ. ഓരോ വോട്ടര്‍മാര്‍ക്കും സുപരിചിതനായ ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ മകനിലൂടെ ജീവിക്കുന്നു എന്ന് ജനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് എങ്ങനെ ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പ് തന്നെ.എല്‍ഡിഎഫ് രാഷ്ട്രീയ പ്പോരിന് പുതുപ്പള്ളിയില്‍ എത്തുമ്പോള്‍ ഇക്കുറി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നത് വാസ്തവം തന്നെയാണ്.എന്തായാലും ചാണ്ടി ഉമ്മനെ ആരൊക്കെയോ ഭയക്കുന്നു എന്ന് വ്യക്തമാണ്.അതുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ച കാറിന്റെ വീടല്‍ നട്ട് ഊരി മാറ്റാന്‍ പോലും ചിലര്‍ ശ്രമിച്ചിരിക്കുന്നത്.

 
                                            