അടുത്തിടെയാണ് ലോക പ്രശസ്ത ഹോളിവുഡ് നടന്‍ അല്‍ പച്ചീനോ അച്ഛനാകുന്നുവെന്ന വാര്‍ത്ത ലോകമറിയുന്നത്. 82ാം വയസ്സില്‍ താരം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ആഗോളതലത്തില്‍ തന്നെ വൈറലായിരുന്നു. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയിലാണ് അല്‍ പച്ചീനോയ്ക്ക് കുഞ്ഞ് ജനിക്കാനിരിക്കുന്നത്. എട്ട് മാസം ഗര്‍ഭിണിയാണ് നൂര്‍.
വാര്‍ത്തകള്‍ പലതും പ്രചരിച്ചെങ്കിലും അല്‍ പച്ചീനോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇരട്ടക്കുട്ടികളടക്കം മൂന്ന് പേരുടെ പിതാവാണ് അല്‍ പച്ചീനോ. താരത്തിന്റെ മൂത്ത മകള്‍ ജൂലിയയ്ക്ക് 33 വയസ്സും ഇരട്ടക്കുട്ടികളായ ആന്റണി, ഒലീവിയ എന്നിവര്‍ക്ക് 22 വയസ്സുമുണ്ട്.
ഒരിക്കല്‍ പോലും വിവാഹതിനാകാത്ത അല്‍ പച്ചീനോ നൂര്‍ അല്‍ഫലായുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം പുറത്തുവരുന്നത് 2022 ലാണ്. ഇരുവരേയും ലോസ് ഏഞ്ചല്‍സില്‍ ഒന്നിച്ചു കണ്ടതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
83ാം വയസ്സില്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് അല്‍ പച്ചീനോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ”ഇത് വളരെ സ്‌പെഷ്യലാണ്, കുഞ്ഞുണ്ടാകുന്നത് എന്നും സ്‌പെഷ്യല്‍ തന്നെയാണ്. എനിക്കും വേറേയും മക്കളുണ്ട്. പക്ഷേ ഇത് വളരേയേറെ സ്‌പെഷ്യല്‍ ആണ്”.
കഴിഞ്ഞ ഏപ്രിലിലാണ് നൂറും അല്‍ പാച്ചീനോയും പ്രണയത്തിലായത്. മിക് ജാഗ്ഗര്‍, കോടീശ്വരനായ നികോളാസ് ബെര്‍ഗ്രുവന്‍ എന്നിവരുമായുള്ള പ്രണയം തകര്‍ന്നതിനു പുറകേയാണ് നൂര്‍ അല്‍ പച്ചീനോയെ പരിചയപ്പെടുന്നത്. ഇരുവരും വാര്‍ത്തകളോട് ഇതു വരെ പ്രതികരിച്ചിട്ടില്ല. ബെവേലി ഹില്‍സില്‍ നിന്നുള്ള നൂര്‍ നിര്‍മാതാവാണ്.
ദ ഗോഡ്ഫാദര്‍ പരമ്ബരയിലെ മൈക്കേല്‍ കോര്‍ലിയോണ്‍, സ്‌കാര്‍ഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാര്‍ലിറ്റോസ് വേ എന്ന ചിത്രത്തിലെ കാര്‍ലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമണ്‍ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണല്‍ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചല്‍സ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രങ്ങള്‍. 1992ല്‍ സെന്റ് ഓഫ് എ വുമണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇതിനു മുന്‍പ് മറ്റു വേഷങ്ങള്‍ക്കായി 7 തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സിനിമാ ലോകത്തെ ഇതിഹാസമായാണ് അല്‍ പച്ചീനോയെ സിനിമാ പ്രേമികള്‍ കാണുന്നത്. മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി അല്‍ പച്ചീനോ വിശേഷിപ്പിക്കപ്പെടുന്നു
