കെ എസ് ആർ ടി സി യെ ആർക്കും വേണ്ട ; ബസിൽ കയറി സഹായിക്കണമെന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസിയിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡിനു മുന്‍പ് 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇതു കോവിഡിനു ശേഷം 25 ലക്ഷമായി കുറഞ്ഞു. ഇതു കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

എന്തു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും എതിർക്കുന്നവരുണ്ട്. ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. കെഎസ്ആര്‍ടിസി മുന്നോട്ടു കൊണ്ടുപോകാന്‍ ജനങ്ങള്‍ സഹായിക്കുകയും സഹകരിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ചേര്‍ത്തല അര്‍ത്തുങ്കല്‍- വേളാങ്കണ്ണി സര്‍വീസിന് 2 സൂപ്പര്‍ ഡീലക്സ് ബസ് അനുവദിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. നിലവിലുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് മാറ്റി യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്ന രീതിയില്‍ ഡീലക്‌സ് ബസ് അനുവദിക്കണമെന്ന് കൃഷി മന്ത്രി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പുഷ്ബാക് സീറ്റോടുകൂടിയ ആധുനിക രീതിയിലുള്ള ഡീലക്സ് ബസ് ആണ് അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള എറണാകുളം ജെട്ടി -കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍- പട്ടാമ്പി- പാലക്കാട് മാറ്റി എറണാകുളം ജെട്ടി- കൊടുങ്ങല്ലൂര്‍- ഇരിങ്ങാലക്കുട- തൃശ്ശൂര്‍ വഴിയാക്കി യാത്ര സമയം കുറയ്ക്കുന്നതിനും കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ന് ചേര്‍ത്തലയില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ 6.25ന് വേളാങ്കണ്ണിയില്‍ എത്തുന്ന രീതിയിലാണ് പുതുക്കിയ സമയക്രമം.

രാവിലെയുള്ള മലയാള കുര്‍ബാനയില്‍ ഭക്തര്‍ക്ക് പങ്കെടുക്കുന്നതിന് സാധിക്കുന്ന രീതിയിലാണ് ക്രമീകരണം. തിരിച്ച് വേളാങ്കണ്ണിയില്‍ നിന്നും വൈകുന്നേരം 5.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:50ന് ചേര്‍ത്തലയില്‍ എത്തും. സര്‍വീസ് ആരംഭിച്ച് 11 ദിവസത്തോളം കളക്ഷനും സമയക്രമവും നിരീക്ഷിക്കും. പരമാവധി കളക്ഷന്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *