താടി പ്രസാദമായി നൽകുന്ന ക്ഷേത്രം

വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂര്‍ ശിവക്ഷേത്രങ്ങള്‍. താടി പ്രസാദമായി നല്‍കുന്നു എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രങ്ങള്‍ക്കുള്ളത്.കണ്ണൂര്‍ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സമീപവാസികള്‍ ‘ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം, അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം എന്നീ പേരുകളിലാണ് ഈ അന്പലങ്ങളെ വിശേഷിപ്പിക്കുന്നത്. ഒരു ക്ഷേത്രം ബാവലി നദിയുടെ പടിഞ്ഞാറന്‍ തീരത്തും മറ്റേ ക്ഷേത്രം ബാവലി നദിയുടെ കിഴക്കന്‍ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്.’
.ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തുന്ന ഓരോ ഭക്തനും കൈയ്യില്‍ വെള്ളിനൂല്‍ കണക്കെയുള്ള ‘താടി പ്രസാദമായി സ്വീകരിച്ചാണ് മടങ്ങാറ്. വൈശാഖത്സവത്തിന്റെ ഓര്‍മ്മയായി ഓരോ വീടിന്റെ ഉമ്മറത്തും പൂജാമുറിയിലും ഈ താടി അഥവാ ഓടപ്പൂക്കള്‍ ഇങ്ങനെ തൂങ്ങിയാടും. ഇങ്ങനെ താടി പ്രസാദമായി നല്‍കുന്നതിന്റെ ചരിത്രം അന്വേഷിച്ചുപോയാല്‍, അത് എത്തിനില്‍ക്കുക ദക്ഷന്റെ യാഗഭൂമിയിലാണ്. തന്റെ സമ്മതമില്ലാതെ മഹാശിവനെ വിവാഹം ചെയ്ത മകള്‍ സതിയേയും ശിവനെയും അപമാനിക്കാനായി ദക്ഷന്‍ നടത്തിയ ആ യാഗ കാലഘട്ടത്തിനോളം പഴക്കമുണ്ട് ഈറ്റ കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന താടി പ്രസാദത്തിന്.

അനര്‍ത്ഥനങ്ങളൊക്കെയും മുന്‍കൂട്ടി തിരിച്ചറിഞ്ഞ പരമശിവന്‍ സതിയെ യാഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ ആ വാക്കുകളെ അവഗണിച്ച് പുറപ്പെട്ട സതിദേവിയെ ദക്ഷന്‍ കണക്കിന് അപമാനിച്ചു. യാഗത്തില്‍ ഹവിര്‍ഭാഗം തന്റെ ഭര്‍ത്താവായ പരമേശ്വരനു വയ്ക്കാത്തത് ദേവി ചോദ്യം ചെയ്തതും ദക്ഷന്‍ പരിഹസിച്ചു. ശിവനെ പരിഹസിക്കുന്നത് സഹിക്കവയ്യാതെ സതീദേവി അപമാനഭാരംമൂലം യാഗാഗ്നിയില്‍ ആത്മാഹൂതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപിഷ്ഠനായി. തന്റെ ജഡ പറിച്ച് നിലത്തടിച്ചു. ഇതില്‍ നിന്നും ഉഗ്രരൂപിയായ വീരഭദ്രന്‍ ജനിച്ചു.യാഗശാലയിലെത്തിയ വീരഭദ്രന്‍ ദക്ഷനെ വധിച്ചു.അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകര്‍ത്തു. യജ്ഞാചാര്യന്‍ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ഈ താടിയാണ് പിന്നീട് ഓടപ്പൂവായി മാറിയതെന്നാണ് വിശ്വാസം.

മഹാശിവന്റെ കോപം സര്‍വ്വചരാചരങ്ങളുടെയും നാശത്തിന് കാരണമാകുമെന്ന് മനസിലാക്കിയ മഹാവിഷ്ണവും ബ്രഹ്മാവും മറ്റ് ദേവഗണങ്ങളും അദ്ദേഹത്തം ശാന്തനാക്കി. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ശിവന്‍ ശാന്തമായി ദക്ഷനെ പുനര്‍ജീവിപ്പിച്ചു. തല ചിന്നിച്ചിതറി പോയിരുന്നതിനാല്‍ ആടിന്റെ ചല ചേര്‍ത്തുവെച്ചാണ് ജീവന്‍ നല്‍കിയത്. പിന്നീട് യാഗം മുടങ്ങിയ ഭൂമിയില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നുവന്നു. മുടങ്ങിയ യാഗം പൂര്‍ത്തിയാക്കുകയും ചെയ്തു. യാഗം മുടങ്ങിയതിനെ തുടര്‍ന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായി മാറിയ കൊട്ടിയൂര്‍ കുറിച്യ വിഭാഗക്കാരുടെ വാസസ്ഥലമായി.ഒരിക്കല്‍ അമ്പിന് മൂര്‍ച്ച കൂട്ടാനായി ഇവിടെ എത്തിയ കുറിച്യ യുവാവ് അവിടെ കണ്ട കല്ലില്‍ അമ്പ് ഉരച്ചപ്പോള്‍ കല്ലില്‍ നിന്നും രക്തം വന്നുവത്രെ. ഇത് ശിവസാന്നിധ്യമാണെന്നു മനസ്സിലാക്കുകയായിരുന്നു. യാഗകര്‍മ്മിയായ ഭൃഗുമഹര്‍ഷിയുടെ താടിരോമങ്ങള്‍ ഐശ്വര്യം പ്രദാനം ചെയ്യുന്നു എന്ന വിശ്വാസത്താന്‍ പിന്നീട് ഓടപ്പൂവ് പ്രസാദമായി നല്‍കി ത്തുടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *