സിനിമ മോഹങ്ങളുമായി നാടുവിടുന്നവര്‍ കുറവല്ല. സിനിമയില്‍ ഒന്ന് മുഖം കാണിക്കാനായി ചെന്നൈയിലും മുുംബൈയിലുമേക്കൊക്കെ വണ്ടി കയറിയ എത്രയോ മലയാളികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.എന്നാല്‍ സിനിമാ മോഹവുമായി കേരളത്തിലേക്ക് നാടുവിട്ട ‘നടനെ’ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്.
ഒഡീഷ സ്വദേശിയായ ചന്ദു നായക് ആണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറിയത്. ഇപ്പോള്‍ കൊച്ചിയില്‍ ചായക്കടയില്‍ ജോലി ചെയ്യുകയാണ് ചന്ദു.
18ാം വയസ് മുതല്‍ ചന്ദു അഭിനയിച്ച് തുടങ്ങിയിരുന്നു. നാട്ടില്‍ റിയാലിറ്റി ഷോ താരമാണ്. ഷോ വിജയിച്ചതോടെയാണ് അഭിനയത്തില്‍ സജീവമായത്. സല്‍മാന്‍ ഖാന്റെ ‘ദബാങ്ങ് 2’ അടക്കം രണ്ട് ബോളിവുഡ് സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ സിനിമകള്‍ കണ്ടതോടെയാണ് മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മൊട്ടിട്ടത്. അതോടെ രണ്ടര വര്‍ഷം മുന്‍പ് കൊച്ചിയില്‍ എത്തി.
കൊച്ചിയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ബാബു നായ്ക്ക് ആയിരുന്നു ഇവിടേക്ക് വരാന്‍ ചന്ദുവിനെ സഹായിച്ചത്. ഇപ്പോള്‍ സ്റ്റാച്യു ജങ്ഷനില്‍ സ്റ്റീഫന്‍ എന്ന വ്യക്തിയുടെ ചായക്കടയില്‍ സഹായിയായി നില്‍ക്കുകയാണ് ചന്ദു. തിരക്കേറിയ കടയാണെങ്കിലും ചന്ദുവിന് സ്റ്റീഫനും കുടുംബവും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
ബോഡി ബില്‍ഡര്‍ കൂടിയാണ് യുവാവ്. അതുകൊണ്ട് തന്നെ വര്‍ക്ക് ഔട്ട് ചെയ്യാനുള്ള സമയവും ജോലിക്കിടയില്‍ ചന്ദു കണ്ടെത്തുന്നുണ്ട്. ‘ ആക്ടിങ് ആണ് അവന്റെ പാഷന്‍, രാവിലെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ പോകുന്നുണ്ട്. അതിന് ശേഷമാണ് അവന്‍ ജോലിക്ക് വരുന്നത്. അവന് എല്ലാ പിന്തുണയും ഞങ്ങള്‍ ചെയ്യുന്നുണ്ട്,മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നാണ് അവന്റെ ആഗ്രഹം . അതിനാണ് അവന്‍ നാടുവിട്ട് വന്നിരിക്കുന്നത്’, സ്റ്റീഫനും കുടുംബവും പറഞ്ഞു.
നിരവധി സംവിധായകരെ പോയി കണ്ടെങ്കിലും ചന്ദുവിന് ഇതുവരെ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഉടന്‍ തന്നെ തന്റെ കഠിനാധ്വാനവും ശ്രമങ്ങളും ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
