ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷ. കോണ്‍ഗ്രസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചിട്ടുണ്ട്. ഓഫിസിലേക്കെത്തുന്ന കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയാണ്.
രാഹുൽ ഗാന്ധി രാവിലെ പതിനൊന്നിന് ഡൽഹിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നിൽ ഹാജരാകും. പ്രവര്‍ത്തകർക്കൊപ്പം പ്രകടനമായി പോയി ഹാജരാകാനായിരുന്നു നീക്കം. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ രാഹുലിനെ അനുഗമിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നേതാക്കൾക്കൊപ്പം പോകുന്നത് ഡൽഹി പൊലീസ് വിലക്കി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം.
