ടോക്യോ: ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾക്ക് എതിരെ ശക്തമായ നിലപാടുമായി ക്വാഡ് ഉച്ചകോടി. ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.
നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബർ സുരക്ഷ മേഖലകളിൽ ക്വാഡ് രാജ്യങ്ങൾ കൂടുതൽ സഹകരിക്കും. ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെല്ലോഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടൻ ചേരാനും ഉച്ചകോടിയിൽ തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി ആൽബനിസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുൻപ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളിൽ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതൽ സഹകരണ കരാറുകളിൽ ഇന്ത്യ ഏർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
